ന്യൂഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തം നടന്ന ഒഡിഷയിലെ ബാലസോറിലേക്ക്. പ്രധാനമന്ത്രി ഇന്ന് ബാലസോർ സന്ദർശിക്കും. ഇന്നലെ (02.06.23) രാത്രി മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ 238 പേരാണ് മരിച്ചത്.
900ത്തിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവ്, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവർ അപകടം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു.
സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബാലസോർ റെയില്‍വേ സ്റ്റേഷനില്‍ നടന്ന അപകടം രാജ്യത്തെയാകെ ഞെട്ടിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവ സ്ഥലം സന്ദർശിക്കുന്നത്. കട്ടക്കിലെ ആശുപത്രികളും പ്രധാനമന്ത്രി സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. റെയില്‍വേ, പൊലീസ്, എൻഡിആർഎഫ് എന്നിവർ സംയുക്തമായാണ് രക്ഷപ്രവർത്തനം നടത്തുന്നത്.
രാജ്യത്തെ നടുക്കി ട്രെയിൻ അപകടം : ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപത്ത് വച്ച് ഇന്നലെ രാത്രിയാണ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോറോമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിലേക്ക് വന്ന് പതിച്ചു. ഇന്നലെ (02.06.2023) രാത്രി 7.20ഓടെയായിരുന്നു ആദ്യത്തെ ട്രെയിന്‍ പാളം തെറ്റിയത്.
മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അപകട സ്ഥലം സന്ദർശിച്ചു. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഒഡിഷയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്‌ച ആഘോഷങ്ങളൊന്നും ഒഡിഷയിൽ നടത്തില്ലെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു.