ന്യൂഡല്‍ഹി:ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കിലോയ്‌ക്ക് 25 രൂപ നിരക്കില്‍ സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്രം. രാജ്യത്ത് ഉള്ളി വില 57 ശതമാനം ഉയര്‍ന്ന് 47 രൂപയായതോടെയാണ്, ചില്ലറ വിപണിക്ക് ആശ്വാസമായി 25 രൂപ സബ്‌സിഡിയില്‍ സവാള കേന്ദ്രം ലഭ്യമാക്കി തുടങ്ങിയത്. വിപണിയിലെ വിലവര്‍ധനയില്‍ സാധാരണക്കാരന് സമാശ്വാസമാവാനാണ് കേന്ദ്ര നടപടി.
രാജ്യതലസ്ഥാനത്ത് സവാളയുടെ ചില്ലറ വിപണിയിലെ വില കിലോയ്‌ക്ക് 30 രൂപ എന്നതില്‍ നിന്ന് കിലോയ്‌ക്ക് 40 രൂപ എന്ന നിലയിലേക്ക് വെള്ളിയാഴ്‌ച (27.10.2023) ഉയര്‍ന്നിരുന്നു (Price Hike In Onion Price). മാത്രമല്ല മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ കിലോയ്‌ക്ക് 30 രൂപയായിരുന്ന സവാളയുടെ ചില്ലറ വിപണിയിലെ വില രാജ്യമൊട്ടാകെ കിലോയ്‌ക്ക് ശരാശരി 47 രൂപയായതായും ഉപഭോക്തൃ കാര്യ മന്ത്രാലയം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സബ്‌സിഡി നിരക്കില്‍ സവാള ലഭ്യമാക്കാനുള്ള നടപടിയിലേക്ക് കേന്ദ്രം നീങ്ങിയത്.
വിലവര്‍ധനവ് തടയാന്‍ കേന്ദ്രം:ഞങ്ങള്‍ ഓഗസ്‌റ്റ് പകുതി മുതല്‍ തന്നെ ഉള്ളി ഇറക്കി നല്‍കുന്നുണ്ട്. വിലയില്‍ കൂടുതല്‍ വര്‍ധനവെത്തുന്നത് തടയുന്നതിനും ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനുമായി ഞങ്ങള്‍ ചില്ലറ വിപണിയില്‍ കൂടി ശക്തമായി ഇടപെടുകയാണെന്നും ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങിനെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
അതായത് ഉപഭോക്തൃ മന്ത്രാലയം അറിയിക്കുന്നത് പ്രകാരം വില കുത്തനെ ഉയരുന്ന സംസ്ഥാനങ്ങളിലെ ഹോള്‍സെയില്‍ ചില്ലറ വിപണികളില്‍ കരുതല്‍ സ്‌റ്റോക്കില്‍ നിന്ന് ഉള്ളി ഇറക്കുന്നുണ്ട്. ഇത്തരത്തില്‍ ഓഗസ്‌റ്റ് പകുതി മുതല്‍ 22 സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലായി 1.7 ലക്ഷം ടണ്‍ ഉള്ളി ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.