ന്യൂഡല്‍ഹി:ക്ഷയ(Tuberculosis) രോഗത്തിനെതിരെയുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. 2025നകം രാജ്യത്ത് നിന്ന് ക്ഷയ രോഗം നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്ക് ചേരണം. പദ്ധതികള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാവുമ്പോള്‍ അവ വിജയിക്കാനുള്ള സാധ്യത പലമടങ്ങ് വര്‍ധിക്കുമെന്നും 'പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാന്‍' പരിപാടി അവതരിപ്പിച്ച് കൊണ്ട് രാഷ്‌ട്രപതി പറഞ്ഞു.
ക്ഷയരോഗത്തിന് ചികിത്സയിലുള്ളവര്‍ക്കായുള്ള നി-ക്ഷയ മിത്ര പദ്ധതിയും രാഷ്‌ട്രപതി രാജ്യത്തിനായി സമര്‍പ്പിച്ചു. ക്ഷയ രോഗത്തിന് ചികിത്സയിലുള്ളവര്‍ക്കായി പോഷകാഹാരം, അവര്‍ക്ക് തൊഴില്‍പരമായ സഹായം കൂടാതെ അവരുടെ ചികിത്സയ്‌ക്കായുള്ള സഹായം ലഭ്യമാക്കാനായി എന്‍ജിഒ, കോര്‍പ്പറേറ്റുകള്‍, ജനപ്രതിനിധികള്‍ എന്നിവരെ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് നി-ക്ഷയ മിത്ര ലക്ഷ്യം വയ്ക്കുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ , ഗവര്‍ണര്‍മാര്‍, സംസ്ഥാനങ്ങളുടെ ആരോഗ്യ മന്ത്രിമാര്‍, കോര്‍പ്പറേറ്റ് പ്രതിനിധികള്‍, എന്‍ജിഒ പ്രതിനിധികള്‍ എന്നിവരും വെര്‍ച്യുലായി നടന്ന ചടങ്ങില്‍ സംബന്ധിച്ചു. 2030ല്‍ ക്ഷയരോഗം ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കാനാണ് അന്താരാഷ്‌ട്ര സമൂഹം ലക്ഷ്യമിടുന്നത്. അതിന് അഞ്ച് വര്‍ഷം മുമ്പ് രാജ്യത്ത് നിന്ന് രോഗത്തെ ഉന്‍മൂലനം ചെയ്യാനാണ് ഇന്ത്യ ലക്ഷ്യംവെക്കുന്നത്.