പൂനെ (മഹാരാഷ്‌ട്ര) :മാസങ്ങള്‍ തികയാതെ ജനിച്ച കുഞ്ഞിന് പരിമിത സൗകര്യങ്ങളിൽ മികച്ച ചികിത്സ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് ഡോക്‌ടർ. സൂര്യ മദർ ആൻഡ് ചൈൽഡ് കെയർ ആശുപത്രിയിലെ ചീഫ് നിയോനറ്റോളജിസ്റ്റ് ഡോക്‌ടർ സച്ചിൻ ഷായാണ് ദൗത്യത്തിന് പിന്നിൽ. ശശികാന്ത് പവാറിന്‍റെയും ഉജ്വല പവാറിന്‍റെയും മകളായ ശിവന്യയാണ് പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
കഴിഞ്ഞ വർഷം മെയ് 21നാണ് ശിവന്യ ജനിച്ചത്. അമ്മയായ ഉജ്വല മാസങ്ങള്‍ തികയാതെയാണ് കുഞ്ഞിനെ പ്രസവിച്ചത്. ശിവന്യ ജനിച്ചത് 24-ാം ആഴ്‌ചയിലാണ്. അതായത് 6-ാം മാസത്തിൽ. ജനിക്കുമ്പോൾ കുഞ്ഞിന് 400ഗ്രാം മാത്രം തൂക്കമാണ് ഉണ്ടായിരുന്നത്.
ഉജ്വലയ്‌ക്ക് ഗർഭിണിയായി മൂന്നാം മാസം മുതൽ വയറുവേദന ആരംഭിച്ചിരുന്നു. തുടർന്ന് ചിഞ്ച്‌വാഡിലെ ഒരു പ്രാദേശിക ആശുപത്രിയിൽ നിന്ന് ചികിത്സ തേടാൻ ആരംഭിച്ചു. ആറാം മാസത്തിൽ കഠിനമായ വയറുവേദനയെ തുടർന്നാണ് സൂര്യ മദർ ആൻഡ് ചൈൽഡ് കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.
സച്ചിൻ ഷായ്‌ക്ക് കീഴിൽ 93 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കുഞ്ഞിനെ പരിചരിച്ചു. ശിവന്യയുടെ അവയവങ്ങൾക്ക് വളർച്ചാക്കുറവ് ഉണ്ടായിരുന്നു. തുടർന്ന് കുഞ്ഞിനെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് ട്യൂബിലൂടെ പോഷകാഹാരങ്ങൾ നൽകി. രണ്ട് മാസത്തോളം കുഞ്ഞ് വെന്‍റിലേറ്ററിലായിരുന്നു. 50 ദിവസമാകുമ്പോഴേക്ക് 400 ഗ്രാമിൽ നിന്ന് കുഞ്ഞിന്‍റെ ഭാരം ഒരു കിലോ ആയി വർധിച്ചു. ഓക്‌സിജന്‍റെ അളവിലും വ്യത്യാസമുണ്ടായി.
ഓഗസ്റ്റ് 23ന് കുഞ്ഞിനെ ഡിസ്‌ചാർജ് ചെയ്‌തു. അപ്പോള്‍ കുട്ടിയുടെ ഭാരം 2130ഗ്രാം ആയിരുന്നു. ജനിച്ച് 7 മാസത്തിനുശേഷം കുഞ്ഞിന് 4.5 കിലോഗ്രാം ഭാരമുണ്ട്. മതിയായ ആരോഗ്യമുണ്ട് ശിവന്യയ്‌ക്കിപ്പോള്‍.