നവാഡ (ബിഹാര്‍): വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച ഗര്‍ഭിണിയായ കാമുകിയെ യുവാവ് ചുട്ടുകൊന്നു. ബിഹാറിലെ നവാഡ ജില്ലയില്‍ രജൗലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
നാല് ദിവസം മുമ്പായിരുന്നു കൊലപാതകം എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ യുവാവും കുടംബവും ചേര്‍ന്ന് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തുകയും പരാതി നല്‍കുകയും ചെയ്‌തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
തങ്ങളുടെ മകളെ യുവാവ് ജീവനോടെ കത്തിക്കുകയായിരുന്നു എന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പൊലിഞ്ഞത് രണ്ട് ജീവന്‍:16 കാരിയായ പെണ്‍കുട്ടി ഇതേ ഗ്രാമത്തില്‍ തന്നെ താമസിക്കുന്ന യുവാവുമായി പ്രണയത്തിലായിരുന്നു. പ്രണയബന്ധം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെയാണ് മാതാപിതാക്കള്‍ വിവരം അറിയുന്നത്.
തുടക്കത്തില്‍ വിവാഹം കഴിക്കാമെന്ന് യുവാവ് പെണ്‍കുട്ടിക്ക് വാക്കു നല്‍കിയിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണി ആണെന്നും ഉടന്‍ വിവാഹം കഴിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ യുവാവ് രോഷാകുലനായി. വിവാഹത്തിന് യുവാവും അയാളുടെ വീട്ടുകാരും തയ്യാറായില്ല.
ഇതേ ചൊല്ലി യുവാവും പെണ്‍കുട്ടിയും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം യുവാവും കുടുംബവും ചേര്‍ന്ന് മൃതദേഹം മറവു ചെയ്‌തു.
വിവരം പുറത്ത് പറയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണി പെടുത്തുകയും ചെയ്‌തു. മകളുടെ മരണത്തില്‍ കേസുമായി മുന്നോട്ട് പോയാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. ഭീഷണിക്ക് വഴങ്ങില്ലെന്ന് കണ്ടതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ യുവാവും കുടുംബവും ചേര്‍ന്ന് വീട്ടു തടങ്കലിലാക്കി.
അന്വേഷണം ആരംഭിച്ച് പൊലീസ്:വെള്ളിയാഴ്‌ച തങ്ങള്‍ക്ക് സുഖമില്ലെന്നും ഡോക്‌ടറെ കാണണമെന്നും കള്ളം പറഞ്ഞ് തന്ത്രത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തടങ്കലില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. 'കൊല്ലപ്പെട്ടു എന്ന് പറയപ്പെടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് പൊലീസ് സ്‌റ്റേഷനിൽ രേഖാമൂലം പരാതി നൽകി. പെൺകുട്ടിയെ ചുട്ടുകൊല്ലുകയായിരുന്നു എന്നാണ് ഇവർ ആരോപിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു' -പൊലീസ് ഓഫിസര്‍ ദർബാരി ചൗധരി പറഞ്ഞു. തങ്ങള്‍ ബന്ധികളായതിനാലാണ് പരാതി നല്‍കാന്‍ വൈകിയത് എന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി.
ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ മദ്യം ഒഴിച്ച് തീ കൊളുത്തി ഭര്‍ത്താവ്:കഴിഞ്ഞ ദിവസം തെലങ്കാനയില്‍ വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയെ 61കാരന്‍ തീകൊളുത്തി കൊന്നിരുന്നു. വൈന്‍ ഷോപ്പ് ജീവനക്കാരനായ മൈലാര്‍ദേവുപള്ളി ഉദംഗദയിലെ തുള്‍ജാപ്പയാണ് ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ മദ്യം ഒഴിച്ച് തീ കൊളുത്തിയത്. മാര്‍ച്ച് 12 നായിരുന്നു സംഭവം.
സംഭവത്തിന് മൂന്ന് ദിവസം മുമ്പ് ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് താന്‍ തെരച്ചില്‍ നടത്തിയതായി പ്രതി പറഞ്ഞു. തുടര്‍ന്ന് ഭാര്യയെ മറ്റൊരാളുടെ വീട്ടില്‍ നഗ്‌നയായി കണ്ടെത്തുകയായിരുന്നു എന്നും പ്രകോപിതനായ താന്‍ വടി കൊണ്ട് അവരെ മര്‍ദിക്കുകയും തുടര്‍ന്ന് ജനനേന്ദ്രിയത്തില്‍ മദ്യം ഒഴിച്ച് തീ കൊളുത്തുകയും ചെയ്‌തു എന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.