ന്യൂഡൽഹി :കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ, അംബിക സോണി, ദിഗ്‌വിജയ് സിങ് എന്നിവരും ഇവരോടൊപ്പം ചര്‍ച്ചയിലുണ്ടായിരുന്നു. പ്രശാന്ത് കിഷോര്‍ കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കൂടിക്കാഴ്‌ച.
കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹം ശക്തം, സോണിയയെ കണ്ട് പ്രശാന്ത് കിഷോര്‍ ; ഉന്നം ഗുജറാത്ത്, 2024 ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ - കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് പ്രശാന്ത് കിഷോര്‍
രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും സോണിയയോടൊപ്പം കൂടിക്കാഴ്‌ചയിലുണ്ടായിരുന്നു
ന്യൂഡൽഹി ജന്‍പഥിലെ സോണിയയുടെ ഔദ്യോഗിക വസതിയിലാണ് ശനിയാഴ്‌ച യോഗം നടന്നത്. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് കൂടിക്കാഴ്‌ചയെന്നാണ് കോൺഗ്രസ് വിശദീകരണം. എന്നാല്‍, 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പാര്‍ട്ടി നീക്കമെന്നാണ് ലഭിക്കുന്ന വിവരം. മെയ് രണ്ടിനുള്ളിൽ തന്‍റെ ഭാവിപരിപാടികൾ വ്യക്തമാക്കുമെന്ന് പ്രശാന്ത് നേരത്തേ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
വിഭജന രാഷ്‌ട്രയത്തിൽ ബി.ജെ.പിയെ വിമർശിച്ചുകൊണ്ട് സോണിയ അടുത്തിടെ ഒരു പ്രമുഖ ദിനപ്പത്രത്തില്‍ ലേഖനം എഴുതിയിരുന്നു. ബി.ജെ.പിയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ലേഖനം. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കിഷോർ വഹിക്കേണ്ട പങ്കിനെക്കുറിച്ച് കുറച്ചുമാസങ്ങളായി പാർട്ടിക്കുള്ളിൽ സജീവമായി ചർച്ച നടക്കുന്നുണ്ട്. ബി.ജെ.പിയ്‌ക്കെതിരായ നീക്കത്തില്‍ കോണ്‍ഗ്രസ്, സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്‍റെ തെളിവാണ് സോണിയയുടെ കുറിപ്പും പ്രശാന്ത് കിഷോറുമായുള്ള കൂടിക്കാഴ്‌ചയും.