പട്‌ന : എട്ടാം തവണയും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത നിതീഷ് കുമാറിനെ പരിഹസിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. വർഷങ്ങളായി മുഖ്യമന്ത്രിയായി തുടരുന്നതിനാല്‍ നിതീഷ് കുമാറിനെ ഫെവിക്കോള്‍ അവരുടെ ബ്രാൻഡ് അംബാസഡർ ആക്കണമെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ബിജെപിയെ സഹായിക്കാൻ ആഗ്രഹിക്കുന്ന ഒരു പബ്ലിസിറ്റി വിദഗ്‌ധനാണ് പ്രശാന്ത് എന്ന നിതീഷ് കുമാറിന്‍റ പരാമര്‍ശത്തിനാണ് മറുപടി.
ബിഹാറിൽ നിരവധി സഖ്യങ്ങൾ ഉണ്ടാവുകയും തകരുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ തകരാത്ത ഒരേ ഒരു കണ്ണി നിതീഷ് കുമാറും മുഖ്യമന്ത്രി കസേരയും തമ്മിലുള്ളതാണെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. കഴിഞ്ഞ മാസം ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച നിതീഷ് കുമാർ രാഷ്‌ട്രീയ ജനതാദളുമായി വീണ്ടും സഖ്യം ചേർന്ന് സർക്കാർ രൂപീകരിച്ചിരുന്നു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയം നേടാൻ കേവലം രാഷ്‌ട്രീയ പാർട്ടി നേതാക്കളുടെ കൂടിക്കാഴ്‌ചയ്ക്ക് പകരം വിശ്വസനീയമായ മുഖത്തെ അവതരിപ്പിക്കലും ബഹുജന മുന്നേറ്റവുമാണ് ആവശ്യമെന്നും പ്രശാന്ത് വ്യക്തമാക്കി.
Also read:'മൂന്നാം മുന്നണിയല്ല, ബിജെപിയെ തുരത്താന്‍ വേണ്ടത് മുഖ്യ മുന്നണി'; പ്രതിപക്ഷ നേതാക്കളെ കണ്ടശേഷം നിതീഷ് കുമാര്‍
ബിജെപിക്ക് ഒരു മികച്ച ബദലാകാൻ കഴിഞ്ഞെങ്കിൽ മാത്രമേ ജനങ്ങൾ വോട്ട് ചെയ്യൂവെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. രാജ്യ തലസ്ഥാന സന്ദർശനത്തിന്‍റെ ഭാഗമായി നിതീഷ് കുമാർ പ്രതിപക്ഷ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിലായിരുന്നു പ്രശാന്ത് കിഷോറിന്‍റെ പ്രതികരണം. മമത ബാനർജി, അരവിന്ദ് കെജ്‌രിവാൾ, കെസിആർ തുടങ്ങിയ നേതാക്കളിൽ ആരാണ് പ്രതിപക്ഷത്തിൽ ഏറ്റവും മികച്ചത് എന്ന ചോദ്യത്തിന് എല്ലാവരേയും ഒന്നിച്ച് നിർത്താൻ കഴിയുന്ന സ്വീകാര്യനായ വ്യക്തിയെന്നായിരുന്നു പ്രശാന്ത് കിഷോറിന്‍റെ മറുപടി.
ബിജെപിയുമായി ബന്ധപ്പെടുത്തിയുള്ള നിതീഷിന്‍റെ പരാമർശത്തോട്, തന്നോട് ദേഷ്യമുണ്ടായിട്ടല്ലെന്നും അത് അദ്ദേഹത്തിന്‍റെ സംസാര രീതിയാണെന്നും പ്രശാന്ത് പ്രതികരിച്ചു. ആരാണ് അദ്ദേഹത്തിന്‍റെ അത്തരം പരാമര്‍ശങ്ങള്‍ ഗൗരവത്തില്‍ എടുക്കുകയെന്നും പ്രശാന്ത് ചോദിച്ചു. 2005 മുതൽ സംസ്ഥാനത്ത് പ്രശാന്ത് കിഷോർ എന്താണ് ചെയ്‌തതെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടോയെന്നും ഇക്കൂട്ടർക്ക് പബ്ലിസിറ്റിയും പ്രസ്‌താവനകളും നടത്താന്‍ മാത്രമേ അറിയൂ എന്നും അത് മുഖവിലക്കെടുക്കേണ്ടെന്നും നിതീഷ് കുമാർ പറഞ്ഞിരുന്നു.