ചെന്നൈ:നടൻ പ്രകാശ് രാജിന് സമൻസയച്ച് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി). പ്രണവ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലാണ് നടനെതിരെ ഇഡിയുടെ നടപടി. ഇഡിയുടെ ചെന്നൈ ഓഫിസിൽ അടുത്ത ആഴ്‌ച നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം (prakash raj summoned by ed in pranav jewellery ponzi scam).
തിരുച്ചിറപ്പള്ളി ആസ്ഥാനമാക്കിയുള്ള പ്രണവ് ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു പ്രകാശ് രാജ്. നൂറ് കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസാണ് ജ്വല്ലറി ഗ്രൂപ്പിനെതിരെയുള്ളത്. സ്വർണ നിക്ഷേപ സ്‌കീം (പോൺസി) എന്ന പേരിൽ വലിയ തുക തിരിച്ച് നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത് ജനങ്ങളിൽ നിന്ന് നൂറ് കോടിയോളം രൂപ തട്ടിയെന്നാണ് കേസ്. നിക്ഷേപകർക്ക് ഇവർ നിക്ഷേപിച്ച തുക തിരികെ നൽകിയിട്ടില്ലെന്ന് ഇഡി പ്രസ്‌താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ മാസം 20 ന് ജ്വല്ലറിയിൽ ഇഡി പരിശോധന നടത്തിയിരുന്നു. കണക്കിൽപ്പെടാത്ത 23.70 ലക്ഷം രൂപയും സ്വർണാഭരണങ്ങളും വിവിധ രേഖകളും ഇഡി റെയ്‌ഡിൽ പിടിച്ചെടുത്തതായാണ് വിവരം. ചെന്നൈയിൽ ഉൾപ്പടെ തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിലും പുതുച്ചേരിയിലും പ്രണവ് ഗ്രൂപ്പിന് ശാഖകളുണ്ട്.
പരാതി ഉയർന്നതോടെ പ്രണവ് ജ്വല്ലേഴ്‌സിന്‍റെ കടകൾ ഒക്ടോബറിൽ അടച്ചുപൂട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (Economic Offences Wing in Tamil Nadu's Trichy) ഉടമ മദനെതിരെ കേസെടുക്കുകയും ചെയ്‌തിരുന്നു. പിന്നാലെ ഈ മാസം ആദ്യം ഉടമയ്‌ക്കും ഭാര്യയ്‌ക്കും എതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.