ബെംഗളൂരു: ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങിയ (South Pole) ചന്ദ്രയാന്‍ 3 (Chandrayaan 3) മായി ബന്ധപ്പെട്ടുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO). ദക്ഷിണ ധ്രുവത്തിലെ ശിവശക്‌തി പോയിന്‍റിലിറങ്ങിയ ചന്ദ്രയാന്‍ 3 ലെ പ്രഗ്യാന്‍ റോവര്‍ പരിസരം നിരീക്ഷിക്കുന്നതായ ദൃശ്യങ്ങളാണ് ഐഎസ്‌ആര്‍ഒ പങ്കുവച്ചത്. അതേസമയം ബഹിരാകാശ ചരിത്രത്തിലെ തന്നെ അതിപ്രധാനമായി മാറിയ ഓഗസ്‌റ്റ് 23 ന് ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലമാണ് ശിവ ശക്തി പോയിന്‍റ് (Shiv Shakti Point).
വീഡിയോയില്‍ എന്ത്:ഇവിടെ പുതുതായി എന്താണുള്ളത് എന്ന് ചന്ദ്രയാന്‍ 3 ചോദിക്കുന്ന തരത്തിലാണ് ഐഎസ്‌ആര്‍ഒയുടെ ഔദ്യോഗിക എക്‌സ് ട്വീറ്റ്. ഇതിന് താഴെയായി ദക്ഷിണധ്രുവത്തിലെ ചന്ദ്രന്‍റെ രഹസ്യങ്ങൾ തേടി പ്രഗ്യാൻ റോവർ ശിവ ശക്തി പോയിന്‍റിന് ചുറ്റും കറങ്ങുന്നുവെന്നും ഐഎസ്‌ആര്‍ഒ കുറിച്ചു. ഇതിനൊപ്പമാണ് റോവര്‍ ചന്ദ്രോപരിതലത്തില്‍ പതിയെ മുന്നോട്ട് ചലിക്കുന്ന ദൃശ്യവും ഐഎസ്‌ആര്‍ഒ പങ്കുവച്ചത്. കേവലം 40 സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ റോവര്‍ ചന്ദ്രോപരിതലത്തിലൂടെ ചലിക്കുന്നതും റോവറിന്‍റെ ചലനത്തില്‍ ചന്ദ്രോപരിതലത്തിലുണ്ടായ ചക്രങ്ങളുടെ പാടുകളും വ്യക്തവുമാണ്.
അഭിനന്ദിക്കാന്‍ നേരിട്ടെത്തി പ്രധാനമന്ത്രി: ചന്ദ്രയാൻ 3 ദൗത്യത്തിന് പിന്നിലെ വിജയ ശിൽപികളെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) കർണാടകയിലെ ഐഎസ്‌ആർഒ കേന്ദ്രത്തില്‍ നേരിട്ടെത്തിയിരുന്നു. ഐഎസ്‌ആർഒ മേധാവി എസ് സോമനാഥാണ് (S Somanath) പ്രധാനമന്ത്രിയെ ഇവിടെ സ്വീകരിച്ചത്. മറ്റാർക്കും എത്തിച്ചേരാനാകാത്തിടത്ത് നമ്മൾ എത്തിയെന്നും ആർക്കും നേടാനാകാത്തത് നമ്മൾ നേടിയെന്നും അദ്ദേഹം ശാസ്‌ത്രജ്ഞരോട് പ്രതികരിച്ചു. ഇതാണ് ഇന്നത്തെ ഇന്ത്യയെന്നും പുതിയ വഴികളിലൂടെയാണ് ഇന്നത്തെ ഇന്ത്യ സഞ്ചരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ നൂറ്റാണ്ടിൽ രാജ്യത്തെ നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു. നിങ്ങൾക്കിടയിൽ നിൽക്കുമ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നുന്നുവെന്നും ഇത്തരം അനുഭവങ്ങൾ അപൂർവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദൗത്യത്തിന്‍റെ വിജയ മുഹൂർത്തത്തിൽ ദക്ഷിണാഫ്രിക്കയിലായിരുന്നെങ്കിലും തന്‍റെ മനസ് ശാസ്ത്രജ്ഞര്‍ക്കൊപ്പമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഐഎസ്‌ആര്‍ഒ ചെയര്‍മാനെ സല്യൂട്ട് ചെയ്യണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായും ഈ വിജയം സാധ്യമാകാൻ കാരണം ഐഎസ്‌ആർഒ മേധാവിയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
'ശിവ ശക്തി പോയിന്‍റ്' എന്ന പേരിടല്‍: തുടര്‍ന്നാണ് ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലത്തിന് പ്രധാനമന്ത്രി ശിവ ശക്തി പോയിന്‍റ് എന്ന പേരിട്ടത്. കാലുതൊടുന്ന സ്ഥലത്തിന് പേരിടുന്ന ഒരു ശാസ്‌ത്ര പാരമ്പര്യമുണ്ട്. നമ്മുടെ ചന്ദ്രയാൻ 3 ഇറങ്ങിയ ചന്ദ്ര പ്രദേശത്തിനും പേര് നൽകാൻ ഇന്ത്യ തീരുമാനിച്ചു. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ശിവശക്തി പോയിന്‍റെന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ശിവനില്‍ മാനവരാശിയുടെ ക്ഷേമത്തിനുള്ള ദൃഢനിശ്ചയമുണ്ട്, ശക്തി അവയെ നിറവേറ്റാനുള്ള കരുത്തും പ്രധാനം ചെയ്യുന്നു. ചന്ദ്രനിലെ ഈ ശിവശക്തി പോയിന്‍റ് ഹിമാലയം മുതല്‍ കന്യാകുമാരി വരെയുള്ള ബന്ധത്തെ കുറിച്ചുള്ള ബോധ്യം നൽകുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.