പൂനെ:ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ (Defence Research and Development Organisation - DRDO) ശാസ്‌ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ (Pradeep Kurulkar) ഉള്‍പ്പെട്ട പാകിസ്ഥാന്‍ ചാരവൃത്തി കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്. 'സാറ ദാസ്‌ഗുപ്‌ത' എന്ന അപരനാമം ഉപയോഗിച്ചുകൊണ്ട് പ്രദീപ് കുരുല്‍ക്കറിനെ പാകിസ്ഥാന്‍ ഇന്‍റലിജന്‍സ് ഓപ്പറേറ്റീവ് വിഭാഗം പ്രലോഭിപ്പിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ കഴിഞ്ഞ ആഴ്‌ചയാണ് മഹാരാഷ്‌ട എടിഎസ് (തീവ്രവാദ വിരുദ്ധ സ്ക്വാഡ്).
വാട്‌സ്‌ആപ്പിലൂടെയും വീഡിയോ, വോയിസ് കോളുകളിലൂടെയാണ് കുരുല്‍ക്ക സാറ ദാസ്‌ഗുപ്‌തയുമായി ആശയവിനിമയം നടത്തിയിരുന്നത്. ഇന്ത്യൻ മിസൈൽ സംവിധാനങ്ങളെക്കുറിച്ചും മറ്റ് രഹസ്യ പ്രതിരോധ പദ്ധതികളെക്കുറിച്ചും അദ്ദേഹം അവരുമായി പങ്കിട്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചാണ് പ്രദീപ് കുരുല്‍ക്കറുമായി സൗഹൃദ ബന്ധം സ്ഥാപിച്ച ദാസ്‌ഗുപ്‌ത യുകെയില്‍ താമസിച്ച് ജോലി ചെയ്യുന്ന ഒരു സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്നായിരുന്നു അവകാശപ്പെട്ടിരുന്നതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ദാസ്‌ഗുപ്തയുടെ ഐപി അഡ്രസ് പാകിസ്ഥാനിലാണെന്ന് സ്ഥിരീകരണം ലഭിച്ചു. ബ്രഹ്മോസ് ലോഞ്ചർ, ഡ്രോൺ, യുസിവി, അഗ്നി മിസൈൽ ലോഞ്ചർ, മിലിട്ടറി ബ്രിഡ്‌ജിങ് സിസ്റ്റം എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ കൈക്കലാക്കാനാണ് പാക് ഏജന്‍റ് ശ്രമം നടത്തിയതെന്നും അന്വേഷണസംഘം വ്യക്തമാക്കി. കേസില്‍ കഴിഞ്ഞ മെയ് മൂന്നിന് അറസ്റ്റിലായ ഡിആര്‍ഡിഒ ശാസ്‌ത്രജ്ഞനായ പ്രദീപ് കുരുല്‍ക്കര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
2022 ജൂണ്‍ - ഡിസംബര്‍ കാലയളവിലായിരുന്നു സാറയും ഡിആര്‍ഡിഓ ശാസ്‌ത്രജ്ഞനും തമ്മിലുള്ള സംഭാഷണം നടന്നത്. 2023 ഫെബ്രുവരി വരെ ഇവരുടെ സംഭാഷണം തുടര്‍ന്നിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദീപ് കുരുല്‍ക്കറിന്‍റെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയ ഡിആര്‍ഡിഒ ആഭ്യന്തര അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് അദ്ദേഹം സാറയുടെ നമ്പര്‍ ബ്ലോക്ക് ചെയ്‌തു.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പ്രദീപ് കുരുല്‍ക്കര്‍ സാറയുടെ നമ്പര്‍ ബ്ലോക്ക് ചെയ്‌തത്. ഇതിന് പിന്നാലെ, നമ്പര്‍ ബ്ലോക്ക് ചെയ്‌തത് ചോദ്യം ചെയ്‌തുകൊണ്ടുള്ള ഒരു സന്ദേശം കുരൂല്‍ക്കറിന് ലഭിച്ചു. അജ്ഞാത ഇന്ത്യന്‍ നമ്പറില്‍ നിന്നും വാട്‌സ്ആപ്പില്‍ ആയിരുന്നു കുരൂല്‍ക്കറിന് ഈ സന്ദേശം ലഭിച്ചത്. സ്വകാര്യ ഷെഡ്യൂളുകളും യാത്രാവിവരങ്ങളും ഉള്‍പ്പടെ പ്രദീപ് കുരൂല്‍ക്കര്‍ സാറയ്‌ക്ക് കൈമാറിയിരുന്നുവെന്നും എടിഎസ് അധികൃതര്‍ അറിയിച്ചു.
അന്വേഷണത്തിന്‍റെ ഭാഗമായി എടിഎസ് വിഭാഗം നേരത്തെ പ്രദീപ് കുരുല്‍ക്കറിന് പാകിസ്ഥാനില്‍ നിന്നും ലഭിച്ച ഇ-മെയിലുകളും പരിശോധിച്ചിരുന്നു. ഒരു പാക് യുവതിയുമൊത്ത് കുരുല്‍ക്കര്‍ വിദേശത്ത് പോയി ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം കണ്ടിരുന്നു. കൂടാതെ യുവതിയുമായി ഒരു ഡാന്‍സ്‌ബാര്‍ സന്ദര്‍ശിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഔദ്യോഗിക പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ആറ് രാജ്യങ്ങളില്‍ കുരുല്‍ക്കര്‍ സന്ദര്‍ശനം നടത്തിയെന്നും ഇതിനിടെയാണ് പാക് യുവതിക്കൊപ്പം ഇന്ത്യ പാകിസ്ഥാന്‍ മത്സരം കാണാന്‍ ഇയാള്‍ എത്തിയതെന്നും നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
More Read :പാക് യുവതിയുമൊത്ത് വിദേശത്ത് ക്രിക്കറ്റ് മാച്ച് കണ്ടു, ഡാന്‍സ് ബാറില്‍ ഉല്ലസിച്ചു; പ്രദീപ് കുരുല്‍ക്കറിന്‍റെ മെയില്‍ പരിശോധിച്ച് എടിഎസ്