ജബല്‍പുര്‍ (മധ്യപ്രദേശ്) : ഗര്‍ഭിണിയായിരിക്കെ മരിച്ച മകളുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത് ഡ്രമ്മര്‍മാരാണെന്ന് ആരോപിച്ച് അമ്മ രംഗത്ത്. 2022 സെപ്റ്റംബര്‍ 17-ന് ജബല്‍പുര്‍ പനഗരൽ പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ സംശയാസ്പദമായ സാഹചര്യത്തിൽ രാധ ലോധി എന്ന ഗർഭിണിയായ സ്‌ത്രീ മരിച്ച സംഭവത്തിലാണ് വെളിപ്പെടുത്തല്‍. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത് ഡ്രം കൊട്ടുന്നവരാണെന്നും ഇതിന്‍റെ വീഡിയോ തന്‍റെ പക്കലുണ്ടെന്നും യുവതിയുടെ അമ്മ പറയുന്നു. മാത്രമല്ല മരണത്തില്‍ കുടുംബം ഭർതൃവീട്ടുകാരുടെ പീഡനവും അശ്രദ്ധയും ആരോപിക്കുന്നുമുണ്ട്.
ബെൽഗേര ഗ്രാമനിവാസിയായ രാധ ബായിയുടെ മകൾ ശസ്‌ത്രക്രിയയിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ പ്രസവത്തിനിടെ മരിച്ചു. മകളുടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത് ശവസംസ്കാര ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഡ്രമ്മര്‍മാരാണെന്നും ഭര്‍തൃവീട്ടുകാര്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും കാണിച്ചുള്ള രാധ ബായിയുടെ പരാതി ലഭിച്ചതായി പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ആർ.കെ സോണി പറഞ്ഞു.