ലണ്ടന്‍:പകര്‍ച്ചവ്യാധികള്‍ കാരണം വര്‍ക്ക് ഫ്രം ഹോം വര്‍ധിച്ച സാഹചര്യത്തില്‍ യുകെയില്‍ നിരവധി പേര്‍ പോണ്‍ ആസക്തിക്ക് അടിമപ്പെട്ടു. ഇത്തരത്തില്‍ അശ്ലീല വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും അടിമപ്പെട്ട നിരവധി പേര്‍ യുകെയില്‍ വൈദ്യ സഹായം തേടിയതായും റിപ്പോര്‍ട്ടുണ്ട്. മൊബൈല്‍ ഫോണുകളിലും ഇന്‍റര്‍നെറ്റുകളിലും കാണുന്ന ഇത്തരം ദൃശ്യങ്ങള്‍ യുവാക്കളെയും കുട്ടികളെയുമടക്കം ഇത്തരം സംഭവങ്ങള്‍ക്ക് അടിമപ്പെടുത്തുന്നു.
പോണ്‍ ആസക്തി ഒരു തരം ലൈംഗിക ആസക്തിയാണ്. അതുകൊണ്ട് തന്നെ പോണ്‍ വീഡിയോകളും ചിത്രങ്ങളും കാണുമ്പോള്‍ ചിലര്‍ക്ക് ഇത് ആത്മസംതൃപ്‌തി നല്‍കുകയും ചെയ്യുന്നു. ബ്രിട്ടനിലെ ഏറ്റവും വലിയ പോണ്‍ അഡിക്ഷന്‍ ക്ലിനിക്കാണ് ലണ്ടനിലെ ലോറൽ സെന്‍റർ. ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇവിടെ ചികിത്സയ്‌ക്കെത്തുന്നത്.
ഒരു ദിവസത്തില്‍ 14 മണിക്കൂറിലധികം സമയം ഇത്തരം ദൃശ്യങ്ങള്‍ കാണുന്നതിനായി ചിലവഴിക്കുന്നവരടക്കം ലോറല്‍ സെന്‍ററില്‍ ചികിത്സ തേടുന്നവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2019ല്‍ ഇത്തരത്തില്‍ 950 പേരാണ് ലോറല്‍ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നത്. എന്നാല്‍ 2022ലെ ആദ്യ ആറ് മാസം മാത്രം 750 പേരാണ് ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയത്.
ലോകത്ത് പോണ്‍ അഡിക്ഷന്‍ വളരെ വേഗത്തില്‍ വര്‍ധിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോണ്‍ അഡിക്ഷന്‍ വര്‍ധിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ ഇതില്‍ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുന്നത് ഇപ്പോഴത്തെ വര്‍ക്ക് ഫ്രം ഹോം തന്നെയാണെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരില്‍ കൂടുതല്‍ പേരും അധിക സമയവും ഒറ്റക്കാണ് കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ചെലവഴിക്കുന്നത്. മാത്രമല്ല പുറത്ത് പോയി ജോലി ചെയ്യുന്ന സമയങ്ങളില്‍ പോണ്‍ ദൃശ്യങ്ങള്‍ കാണാന്‍ വീട്ടില്‍ തിരിച്ചെത്തിയതിന് ശേഷമെ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ സമയം പാഴാക്കാതെ കാണികള്‍ക്ക് അതില്‍ മുഴുകുവാനുമാകും.
അത്തരം സാഹചര്യങ്ങളൊക്കെയാണ് പോണ്‍ അഡിക്ഷന്‍ വര്‍ധിക്കാന്‍ കാരണമെന്ന് ലോറല്‍ സെന്‍റര്‍ ഡയറക്‌ടര്‍ പോള ഹാള്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് തീവ്രമായ ചികിത്സ നല്‍കേണ്ടി വരുന്നുണ്ട്. 2019 ലെ കണക്ക് പ്രകാരം ക്ലിനിക്കിലെത്തുന്ന ഓരോ രോഗികളെയും ചികിത്സിച്ച് ശരിയാക്കാനായി ഏകദേശം 360 മണിക്കൂറാണ് എടുത്തിരുന്നത്. എന്നാല്‍ 2022 ആയപ്പോഴേക്കും 600 മണിക്കൂറാണ് ഓരോ രോഗികള്‍ക്ക് വേണ്ടി ക്ലിനിക്കിലെ തെറാപ്പിസ്റ്റുകൾ ചെലവഴിക്കുന്നതെന്നും പോള ഹാള്‍ പറഞ്ഞു.