ഗാന്ധിനഗര്‍ (ഗുജറാത്ത്) :നിര്‍ബന്ധിത ജനസംഖ്യ നിയന്ത്രണം ലിംഗ അസന്തുലിതാവസ്ഥ സൃഷ്‌ടിക്കുമെന്ന് കേന്ദ്രമന്ത്രി എസ് ജയ്‌ശങ്കര്‍. രാജ്യത്തെ ജനസംഖ്യ നിരക്ക് കുറയുന്നുണ്ടെന്നും വിദ്യാഭ്യാസം, സാമൂഹിക അവബോധം, അഭിവൃദ്ധി എന്നീ ഘടകങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്തിൽ 'ഇന്ത്യ വേ: സ്‌ട്രാറ്റജീസ് ഫോർ അൺസെർട്ടൈന്‍ വേൾഡ്' എന്ന പുസ്‌തകത്തിന്‍റെ ഗുജറാത്തി പരിഭാഷ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
രാജ്യത്ത് ജനസംഖ്യ വളർച്ച നിരക്ക് കുറയുന്നു. വിദ്യാഭ്യാസം, സാമൂഹിക അവബോധം, അഭിവൃദ്ധി എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങള്‍. കാലക്രമേണ കുടുംബത്തിന്‍റെ വലിപ്പം കുറഞ്ഞുവരികയാണെന്നും എസ് ജയ്‌ശങ്കര്‍ ചൂണ്ടിക്കാട്ടി.
ജനസംഖ്യ ഘടനയിൽ സമൂലമായ മാറ്റം:സ്വാതന്ത്ര്യാനന്തര ഇന്ത്യ ജനസംഖ്യ ഘടനയിൽ സമൂലമായ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. ജനസംഖ്യ നിരക്ക് കുതിച്ചുയർന്ന സാഹചര്യവും (1951ലെ സെൻസസ്) പ്രത്യുത്‌പാദന നിരക്ക് കുറഞ്ഞ സാഹചര്യവുമുണ്ടായിട്ടുണ്ട്. മരണ നിരക്കുമായി ബന്ധപ്പെട്ട വിവിധ സൂചകങ്ങൾ മെച്ചപ്പെട്ടുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.