ന്യൂഡൽഹി :അംഗീകൃത രാഷ്ട്രീയ പാർട്ടികളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരാൻ കോടതിയിൽ നിന്ന് റിട്ട് തേടാൻ കേന്ദ്ര വിവരാവകാശ കമ്മിഷൻ (സിഐസി) ഉത്തരവ് ഉപയോഗിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേന്ദ്രത്തെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ, പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ വിവരാവകാശ നിയമപ്രകാരം 'പൊതു അധികാരികൾ' ആണെന്നും, ബിജെപിയും കോൺഗ്രസും ഉൾപ്പെടെ നിരവധി കക്ഷികളെ ഈ വിഷയത്തിൽ പ്രതികളാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
അംഗീകൃത രാഷ്ട്രീയ പാർട്ടികളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരുന്നതിന് സിഐസി ഉത്തരവ് അടിസ്ഥാനമാകില്ലെന്ന് പറഞ്ഞ മേത്ത, രാഷ്ട്രീയ പാർട്ടികളെ വിവരാവകാശ നിയമത്തിന് കീഴിൽ കൊണ്ടുവരാൻ മാൻഡമസ് റിട്ട് ആവശ്യപ്പെടാൻ സിഐസി ഉത്തരവ് ഉപയോഗിക്കാനാവില്ലെന്നും വ്യക്‌തമാക്കി.
പാർട്ടികളുടെ ഭാഗത്തും 'പോയിന്‍റ് ' ഉണ്ടെന്ന് കോടതി : അതേസമയം ഒരു പ്രത്യേക സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നത് ഉൾപ്പെടെയുള്ള പാർട്ടികളുടെ ആഭ്യന്തര തീരുമാനങ്ങൾ വിവരാവകാശ നിയമത്തിന് കീഴിൽ വെളിപ്പെടുത്തേണ്ടി വരുമെന്ന ഭയം രാഷ്‌ട്രീയ പാർട്ടികൾക്ക് ഉണ്ടെന്ന് നിരീക്ഷിച്ച കോടതി, പാർട്ടികളുടെ ഭാഗത്ത് 'ഒരു പോയിന്‍റ്' ഉണ്ടെന്ന് വാക്കാൽ നിരീക്ഷിച്ചു.
സാമ്പത്തിക സുതാര്യതയാണ് ലക്ഷ്യം വയ്‌ക്കുന്നതെങ്കിൽ അതിൽ ഒരു പ്രശ്‌നവുമില്ലെന്ന് സിപിഎമ്മിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ പി വി ദിനേശ് പറഞ്ഞു. എന്നാൽ ഇതിലൂടെ സ്ഥാനാർഥിയെ എന്തിനാണ് തെരഞ്ഞെടുത്തതെന്നോ, പാർട്ടിക്കുള്ളിലെ തീരുമാനമെടുക്കൽ പ്രക്രിയ എന്താണെന്നോ ഉള്ള അഭ്യർഥനകൾ ഉണ്ടായേക്കാം എന്നും ദിനേശ് വാദിച്ചു.
അതേസമയം സർക്കാരിൽ നിന്ന് നികുതി ഇളവുകളും ഭൂമിയും പോലുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന രാഷ്ട്രീയ പാർട്ടികളെ, രാഷ്ട്രീയ വ്യവസ്ഥയിൽ സുതാര്യത ഉറപ്പാക്കാൻ വിവരാവകാശ നിയമത്തിന് കീഴിൽ കൊണ്ടുവരണമെന്ന് എൻജിഒ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു. ഇക്കാര്യത്തിൽ 2013ൽ സിഐസി ഉത്തരവിട്ടിരുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി.
ബംഗ്ലാവുകൾ ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികൾക്ക് സർക്കാർ ഗണ്യമായ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും വിപ്പ് മുഖേന നിയമസഭാംഗങ്ങളുടെ അഭിപ്രായങ്ങൾ നിയന്ത്രിച്ച് ഭരണത്തിൽ പാർട്ടികൾ പങ്കുവഹിക്കുന്നുണ്ടെന്നും ഭൂഷൺ വാദിച്ചു. സബ്‌മിഷനുകൾ കേട്ടശേഷം ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച, അറ്റോർണി ജനറൽ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കേസ് ഓഗസ്റ്റ് ഒന്നിന് വാദം കേൾക്കാനായി മാറ്റിവച്ചു.