ഹൈദരാബാദ്:ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയ്‌ക്കെതിരെ കേസ്. തെലങ്കാനയില്‍ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കാന്‍ അനുമതി ലഭിക്കാത്ത സണ്‍ബേണ്‍ ഫെസ്റ്റിന് ടിക്കറ്റ് വില്‍പ്പന നടത്തിയതിനാണ് കേസ്. സര്‍ക്കാരും പൊലീസും പരിപാടി സംഘടിപ്പിക്കാന്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് കേസ്. മടപൂര്‍ പൊലീസാണ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്.
ബുക്ക്‌മൈഷോയ്‌ക്ക് പുറമെ സണ്‍ബേണ്‍ ഫെസ്റ്റ് സംഘാടകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പുതുവത്സര പരിപാടികള്‍ക്ക് സംഘടിപ്പിക്കാന്‍ അനുമതി വാങ്ങണമെന്ന് പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സണ്‍ബേണ്‍ ഫെസ്റ്റ് നടക്കുന്നതിനെ കുറിച്ച് സംഘാടകര്‍ പൊലീസില്‍ വിവരം അറിയിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ബുക്ക്‌മൈഷോ ടിക്കറ്റ് വില്‍പ്പന നടത്തിയത് (Cheating Case Against Book My Show).
പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് ഈ പരിപാടിക്ക് ടിക്കറ്റ് നല്‍കാനാകുക. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ബുക്ക്‌മൈഷോ ടിക്കറ്റ് വിതരണം ചെയ്‌തതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പുതുവത്സരാഘോഷങ്ങള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതിരിക്കാനും പൊലീസ് സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് പരിപാടികളെ കുറിച്ച് നേരത്തെ പൊലീസില്‍ വിവരം അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത് (BookMyShow).
പ്രതികരിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി: സണ്‍ബേണ്‍ ഫെസ്റ്റിന് ബുക്ക്‌മൈഷോ ടിക്കറ്റ് വില്‍പ്പന നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സൈബറാബാദ് പൊലീസ് കമ്മിഷണര്‍ അവിനാഷ് മൊഹന്തിനോട് നിര്‍ദേശിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കഴിഞ്ഞ ഞായറാഴ്‌ച കലക്‌ടര്‍മാരെയും എസ്‌പിമാരെയും വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ആരാണ് ഈ പരിപാടിക്ക് അനുമതി നല്‍കിയതെന്നും എങ്ങനെയാണ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു (Sunburn Festival In Hyderabad).