ജബല്‍പൂര്‍(മധ്യപ്രദേശ്): വ്യത്യസ്‌തമായ ഭക്ഷണ രുചിവൈവിധ്യത്തോടൊപ്പം വേറിട്ട ചുറ്റുപാടുകളുള്ള റെസ്‌റ്റോറന്‍റുകള്‍ (Restaurant) തേടുന്ന കാലഘട്ടമാണിത്. കായലിനരികിലുള്ള റെസ്‌റ്റോറന്‍റ് തുടങ്ങി മനുഷ്യര്‍ക്ക് പകരം നിര്‍മിത ബുദ്ധിയാല്‍ തീര്‍ത്ത മെഷീനുകള്‍ ഭക്ഷണം വിളമ്പുന്ന റെസ്‌റ്റോറന്‍റുകള്‍ വരെയും നമ്മെ അമ്പരപ്പിക്കാറുണ്ട്. എന്നാല്‍, മധ്യപ്രദേശിലെ ജബല്‍പൂരിലെ 'പൊഹ ആന്‍ഡ് ഷെയ്‌ഡ്‌സ്' (Poha and Shades) എന്ന റെസ്‌റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ മുതല്‍ ക്യാഷര്‍ വരെ സംസാരിക്കില്ല.
മറിച്ച്, വാക്കേതര ആശയവിനിമയത്തിലൂടെയാണ് (Nonverbal Communication) ഇവര്‍ സംസാരിക്കുന്നത്. കേള്‍വിക്കും സംസാരത്തിനും വെല്ലുവിളി നേരിടുന്ന തന്‍റെ മാതാപിതാക്കളോടുള്ള ആദര സൂചകമായി അക്ഷയ് സോണി (Akshay Soni) എന്ന യുവാവ് തീര്‍ത്ത ഒരു ഭക്ഷണശാലയാണിത്. മാത്രമല്ല, ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരും കേള്‍വിക്കും സംസാരത്തിനും വെല്ലുവിളി നേരിടുന്നവരാണ് എന്ന മറ്റൊരു പ്രത്യേക കൂടി ഇവിടെയുണ്ട്.
റെസ്‌റ്റോറന്‍റ് സ്ഥാപിക്കുവാനുള്ള കാരണം (Reason to start the restaurant): സമൂഹത്തില്‍ പാര്‍ശ്വവത്‌കരിക്കപ്പെട്ടവര്‍ക്ക് ആദരവും ബഹുമാനവും ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു റെസ്‌റ്റോറന്‍റ് സ്ഥാപിച്ചതെന്ന് അക്ഷയ് സോണി പറയുന്നു. ജബല്‍പൂര്‍ സ്വദേശികളായ രാകേഷ് സോണി, ജയവന്തി സോണി ദമ്പതികളുടെ മകനാണ് അക്ഷയ് സോണി. കേള്‍വിക്കും സംസാരത്തിനും വെല്ലുവിളി നേരിടുന്ന തന്‍റെ മാതാപിതാക്കളോട് സമൂഹം കാണിച്ച അവഗണന കണ്ടാണ് അക്ഷയ് വളര്‍ന്നത്.
എഞ്ചിനിയറിങ്ങില്‍ ബുരുദം നേടിയ ശേഷം ഭിന്നശേഷി നേരിടുന്ന സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്ന ചിന്ത അക്ഷയ്‌ക്കുണ്ടായി. സംസാരത്തിനും കേള്‍വിക്കും വെല്ലുവിളി നേരിടുന്ന ഏകദേശം 1,500ല്‍പരം വ്യക്തികള്‍ ജീവിക്കുന്ന പ്രദേശമാണ് ജബല്‍പൂര്‍. മഹാകൗശൽ ബധിര സംഘത്തിലൂടെയാണ് അക്ഷയ് കേള്‍വിക്ക് വെല്ലുവിളി നേരിടുന്ന വ്യക്തികളെ ആദ്യം സഹായിക്കാൻ തുടങ്ങിയത്.
'എന്‍റെ കുട്ടിക്കാലം മുതല്‍ തന്നെ എന്‍റെ മാതാപിതാക്കളുടെ വേദനകള്‍ ഞാന്‍ കാണാറുണ്ടായിരുന്നു. നിരവധി കഴിവുകളുള്ള വ്യക്തിയാണ് എന്‍റെ അച്ഛന്‍. എന്നാല്‍, ശാരീരിക വെല്ലുവിളി നേരിടേണ്ടി വന്നതിനാല്‍ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം അച്ഛന് ലഭിച്ചില്ല'.
അളുകള്‍ ബഹുമാനമുള്ളവരായിരിക്കണം (People Needs Respect): 'ആളുകള്‍ പരസ്‌പരം ബഹുമാനം ഉള്ളവരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ തന്നെയും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ നമ്മുടെ സമൂഹത്തിന്‍റെ ഭാഗമാണെന്നും സാധാരണ മനുഷ്യര്‍ എന്ന് വിളിക്കുന്നവരെക്കാളും നന്നായി കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സാധിക്കുമെന്നും എനിക്ക് തെളിയിക്കുന്നതിനാണ് ഞാന്‍ ഈ റെസ്‌റ്റോറന്‍റ് ആരംഭിച്ചതെന്ന്' സോണി ഇടിവി ഭാരതിനോട് പ്രതികരിച്ചു.
കേള്‍വിക്ക് വെല്ലുവിളി നേരിടുന്ന ചിലര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ഉറപ്പാക്കാന്‍ മുമ്പ് അക്ഷയ് ശ്രമിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക് അവസരങ്ങള്‍ ലഭിക്കാതിരുന്നത് അദ്ദേഹത്തെ നിരാശനാക്കിയിട്ടുണ്ട്. പല്ലപ്പോഴും നിസാര ജോലിയില്‍ പോലും അംഗവൈകല്യമുള്ളവര്‍ തരംതാഴ്‌ത്തപ്പെടുന്നു. ഇത്തരത്തില്‍ നിരവധിയായ ആളുകളുടെ വേദനയാണ് അക്ഷയെ ഈ വൈവിധ്യമാര്‍ന്ന റെസ്‌റ്റോറന്‍റ് തുടങ്ങാന്‍ പ്രേരിപ്പിച്ചത്.