പട്‌ന / ന്യൂഡല്‍ഹി :'ആര് പ്രധാനമന്ത്രിയായാലും ഭാര്യയില്ലാതെ ജീവിക്കരുത്. ഭാര്യയില്ലാതെ പ്രധാനമന്ത്രിയുടെ വസതിയിൽ താമസിക്കുന്നത് തെറ്റാണ്. അത് അവസാനിപ്പിക്കണം'. പ്രധാനമന്ത്രി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് നയം വ്യക്തമാക്കി രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ്. ബിജെപി വിരുദ്ധ പാർട്ടികളുടെ കൂട്ടായ്‌മ പട്‌നയില്‍ വിളിച്ചുകൂട്ടിയ യോഗത്തിനിടെ രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ ഉപദേശിച്ചത് എന്തിനാണെന്ന് ഡൽഹി വിമാനത്താവളത്തിൽ മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴായിരുന്നു ലാലു പ്രസാദിന്‍റെ രസകരമായ മറുപടി.
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യ നിരയുടെ നേതൃസ്ഥാനമേറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയാണ് ഏറ്റവും യോഗ്യനെന്നും രാഷ്‌ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ് അഭിപ്രായപ്പെട്ടു. പക്ഷേ പ്രതിപക്ഷ കൂട്ടായ്‌മയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാകുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായൊരു മറുപടി അദ്ദേഹം നല്‍കിയിട്ടില്ല. ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ കൂട്ടായ്‌മയുടെ അടുത്ത യോഗത്തില്‍ താന്‍ ഉറപ്പായും പങ്കെടുക്കുമെന്നും ബിജെപി വിരുദ്ധ കൂട്ടായ്‌മയുടെ മുന്നേറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിറളി കൊണ്ടിരിക്കുകയാണെന്നും ലാലു പറഞ്ഞു.
കുറ്റപത്രം കൊണ്ട് ഒരു ചുക്കും സംഭവിക്കില്ല :തേജസ്വി യാദവിനെതിരെ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ കഴമ്പില്ല. അത് ഒരു ചലനവുമുണ്ടാക്കില്ല. എത്ര കുറ്റപത്രങ്ങള്‍ വന്നു പോയി. ഇതുകൊണ്ടൊന്നും തേജസ്വി യാദവിന് ഒരു ചുക്കും സംഭവിക്കില്ലെന്നും ലാലു പ്രസാദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ലാലു പ്രസാദ് യാദവ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയക്ക് വിധേയനായത്. വൃക്ക മാറ്റിവച്ച ശേഷം സിംഗപ്പൂരിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം ഡോക്‌ടറുടെ നിരീക്ഷണത്തിലാണ്. തുടര്‍പരിശോധനകളുടെ ഭാഗമായാണ് ലാലു ഡല്‍ഹിയിലെത്തിയത്.