ഹുബ്ബള്ളി (കര്‍ണാടക) : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാവ്യൂഹത്തിലേക്ക് കയറി അദ്ദേഹത്തെ ഹാരമണിയിക്കാന്‍ ശ്രമിച്ച് യുവാവ്. റെയിൽവേ സ്‌പോർട്‌സ് ഗ്രൗണ്ടിൽ ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനായി കര്‍ണാടകയിലെത്തിയ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്‌ത് റോഡ് ഷോ നടത്തുന്നതിനിടെയാണ് സുരക്ഷാവീഴ്‌ച. പ്രധാനമന്ത്രിയെ ഹാരമണിയിക്കാനായി യുവാവ് സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് വാഹനവ്യൂഹത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ പിടികൂടി വലിച്ചിഴച്ചുകൊണ്ടുപോയി. യുവാവിന്‍റെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്‌ക്കിടെ സുരക്ഷാവീഴ്‌ച ; ബാരിക്കേഡ് മറികടന്ന് മോദിയെ ഹാരമണിയിക്കാന്‍ ശ്രമിച്ച് യുവാവ്
കര്‍ണാടകയില്‍ ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി നടന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയിലേക്ക് സുരക്ഷാവലയം ഭേദിച്ച് കടക്കാന്‍ ശ്രമിച്ച് യുവാവ്
ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ. റോഡിന്‍റെ ഇരുവശങ്ങളിലും നിന്ന് ആവേശഭരിതരായ ആളുകൾ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കി. ഇതിന് നന്ദി അറിയിച്ച് ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ റണ്ണിങ് ബോര്‍ഡില്‍ നിന്നുകൊണ്ട് മോദി ജനക്കൂട്ടത്തിന് നേരെ കൈവീശുന്നുണ്ടായിരുന്നു. വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ജനക്കൂട്ടം പുഷ്‌പങ്ങള്‍ വിതറുന്നുമുണ്ടായിരുന്നു. ഇതിനിടെയാണ് ബാരിക്കേഡ് മറികടന്ന് ഒരു യുവാവ് മോദിയെ ഹാരമണിയിക്കാനെത്തിയത്.
ബാരിക്കേഡ് ചാടിക്കടന്നാണ് ഇയാള്‍ പ്രധാനമന്ത്രിയുടെ അടുത്തേക്കെത്തിയത്. സുരക്ഷാജീവനക്കാര്‍ ഇയാളെ നീക്കാന്‍ ശ്രമിച്ചതോടെ കൈയിലിരിക്കുന്ന ഹാരം പ്രധാനമന്ത്രിക്ക് സമ്മാനിക്കാനും യുവാവ് ശ്രമിച്ചു. എന്നാല്‍ ഉദ്യോഗസ്ഥ സംഘം ഇയാളെ വലിച്ചിഴച്ച് അവിടെ നിന്നും മാറ്റുകയായിരുന്നു.