ഹൈദരാബാദ്: സംഗീത സംവിധായകൻ തനിഷ്‌ക് ബാഗ്‌ചിയുടെ ഏറ്റവും പുതിയ നവരാത്രി ഗാനത്തിന് വരികൾ എഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാർബോ എന്ന ഗാനത്തിനായാണ് പ്രധാനമന്ത്രി തൂലിക ചലിപ്പിച്ചത് (Prime Minister Narendra Modi turned lyricist). പ്രശസ്‌ത ഗായിക ധ്വനി ഭാനുശാലിയാണ് ഗാനം ആലപിച്ചിരിക്കുന്നത് (Music composer Tanishk Bagchi and singer Dhvani Bhanushali's latest Navaratri song Garbo).
ഏതായാലും ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച് കഴിഞ്ഞു. നടി കങ്കണ റണാവത്ത് (Kangana Ranaut) ഉൾപ്പടെ നിരവധി പേരാണ് പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ധ്വനി ഭാനുശാലിയും തന്‍റെ സന്തോഷവും കൃതജ്ഞതയും എക്‌സിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
തനിഷ്‌ക് ബാഗ്‌ചിയും ഞാനും താങ്കൾ എഴുതിയ വരികൾ വളരെയേറെ ഇഷ്‌ടപ്പെടുന്നതായി പ്രധാനമന്ത്രി മോദിയെ ടാഗ് ചെയ്‌തുകൊണ്ട് ധ്വനി ഭാനുശാലി കുറിച്ചു. പ്രധാനമന്ത്രിയുടെ വരികൾക്ക് അഭിനന്ദനം അറിയിച്ച അവർ പുതിയ താളവും രചനാവൈഭവവും ഉൾച്ചേർന്ന ഗാനമാണ് തങ്ങൾ ആഗ്രഹിച്ചിരുന്നതെന്നും അത് സാധ്യമായെന്നും വ്യക്തമാക്കി. ഈ ഗാനത്തിനും വീഡിയോയ്‌ക്കും ജീവൻ പകരാൻ ജസ്റ്റ് മ്യൂസിക് (Jjust_Music) തങ്ങളെ സഹായിച്ചതായും ധ്വനി എക്‌സിൽ കുറിച്ചു.
മറുപടിയായി, ധ്വനി ഭാനുശാലിക്കും ടീമിനും നന്ദി പറയാൻ പ്രധാനമന്ത്രി മറന്നില്ല. തന്‍റെ വരികൾ അവതരിപ്പിച്ചതിന് പ്രധാനമന്ത്രി മോദി ടീമിനോട് നന്ദി പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ഞാൻ എഴുതിയ ഒരു 'ഗർബ'യുടെ മനോഹരമായ അവതരണമാണ് ഇതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. വർഷങ്ങളായി താൻ എഴുതിയിട്ടില്ലെന്ന് പരാമർശിച്ച അദ്ദേഹം, നവരാത്രി സമയത്ത് ഗാനം പുറത്തുവിടുമെന്നും അറിയിച്ചു.