അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടുദിവസം മുന്‍പാണ് ഇവിടെ പ്രവേശിപ്പിച്ചത്. ഇന്ന് (ഡിസംബര്‍ 30) പുലർച്ചെ 3.30നാണ് അന്ത്യം.
ALSO READ|ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മയെ കാണാന്‍ പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി
'മഹത്തായ ഒരു നൂറ്റാണ്ട്, സര്‍വേശ്വരന്‍റെ പാദങ്ങളിൽ കുടികൊള്ളുന്നു. ഒരു സന്യാസിനിയുടെ പ്രയാണവും നിസ്വാർഥ കർമയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയര്‍പ്പിച്ച ജീവിതവുമുള്ള ത്രിമൂര്‍ത്തിയായി അമ്മയെ എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. അമ്മയുടെ നൂറാം ജന്മദിനത്തിൽ ഞാൻ ചെന്നുകണ്ടപ്പോൾ ഒരു കാര്യം പറഞ്ഞത് എപ്പോഴും ഓര്‍ക്കാറുണ്ട്. ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിക്കുക എന്നത്.' - മാതാവിന്‍റെ ചിത്രമടക്കം ഉള്‍പ്പെടുത്തിയുള്ള കുറിപ്പ് മോദി ട്വീറ്റ് ചെയ്‌തു.
വിലപായാത്രയില്‍ പങ്കെടുത്ത് മോദി:അമ്മയെ മോദി, ബുധനാഴ്‌ച (ഡിസംബര്‍ 28) ആശുപത്രിയിലെത്തി കണ്ടിരുന്നു. ഒരു മണിക്കൂറോളമാണ് അദ്ദേഹം അന്ന് മാതാവിനൊപ്പം ചെലവഴിച്ചത്. മിക്ക ഗുജറാത്ത് സന്ദർശന വേളകളിലും പ്രധാനമന്ത്രി ഹീരാബെന്നിനെ സന്ദർശിച്ചിരുന്നു. അതേസമയം, അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് പ്രധാനമന്ത്രി ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലെത്തി വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിന് പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാൾ സന്ദർശനം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാല്‍, മാതാവിന്‍റെ വിയോഗത്തെ തുടര്‍ന്ന് എല്ലാ ഔദ്യോഗിക പരിപാടികളും അദ്ദേഹം മാറ്റിവച്ചു.