ന്യൂഡല്‍ഹി: ഇന്ധനവില വർധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചും വിമര്‍ശിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില വർധിപ്പിയ്ക്കുക, കർഷകരെ കൂടുതൽ നിസഹായരാക്കുക, യുവജനങ്ങളെ തൊഴിൽ എന്ന പൊള്ളയായ സ്വപ്‌നം കാണിക്കുക തുടങ്ങിയവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിദിന പ്രവര്‍ത്തി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
'റോസ് സുബഹ് കി ബാത്ത്' (ദൈനംദിന സംഭാഷണം) എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച ട്വീറ്റില്‍ നിരവധി വിഷയങ്ങളില്‍ പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 'പെട്രോൾ, ഡീസൽ, പാചക വാതക നിരക്കുകളിൽ എത്രത്തോളം വർധനവ് വരുത്താം, വര്‍ധിയ്ക്കുന്ന ചെലവുകളെക്കുറിച്ചുള്ള ചർച്ചകൾ എങ്ങനെ നിർത്താം, യുവജനങ്ങളെ തൊഴിൽ എന്ന പൊള്ളയായ സ്വപ്‌നം എങ്ങനെ കാണിയ്ക്കാം, ഏത് പൊതുമേഖല കമ്പനി വിൽക്കണം, കർഷകരെ എങ്ങനെ കൂടുതൽ നിസഹായരാക്കാം, ഇതൊക്കെയാണ് പ്രധാനമന്ത്രിയുടെ പ്രതിദിന പ്രവര്‍ത്തി പട്ടികയിലുള്ള കാര്യങ്ങള്‍' രാഹുല്‍ ഗാന്ധി കുറിച്ചു.