ന്യൂയോര്‍ക്ക്:അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ ഐക്യരാഷ്‌ട്രസഭ (United Nations) ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) യോഗ പരിപാടിക്ക് നേതൃത്വം നല്‍കും. വരുന്ന ജൂണ്‍ 21-നാണ് അന്താരാഷ്‌ട്ര യോഗ ദിനം (International Yoga Day). രാജ്യാന്തര തലത്തില്‍ യോഗയുടെ പ്രാധാന്യം പ്രചരിപ്പിക്കുക എന്നതിന്‍റെ ഭാഗമായി ഇത് ആദ്യമായാണ് പ്രധാനമന്ത്രി യുഎന്‍ ആസ്ഥാനത്ത് യോഗ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
ഐക്യരാഷ്‌ട്രസഭയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടിയില്‍ പങ്കെടുക്കുന്നത്. ജൂണ്‍ 21ന് രാവിലെ എട്ട് മണിക്ക് യുഎന്‍ ആസ്ഥാനത്ത് നോര്‍ത്ത് ലോണില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന യോഗ സെഷന് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമാണ് ഉണ്ടായിരിക്കുക. ഐക്യരാഷ്‌ട്രസഭ ഉദ്യോഗസ്ഥര്‍, അംബാസഡര്‍മാര്‍, വിവിധ രാജ്യങ്ങളിലെ പ്രമുഖ വ്യക്തികള്‍ എന്നിവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
പ്രത്യേക സെഷനില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ യോഗയ്‌ക്ക് അനുയോജ്യമായ വസ്‌ത്രം ധരിക്കണമെന്നും ഐക്യരാഷ്‌ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഒന്‍പതാം രാജ്യാന്തര യോഗ ദിനമാണ്. 2015ല്‍ ആയിരുന്നു ആദ്യമായി ഈ ദിനം ആചരിച്ചത്.
അന്താരാഷ്‌ട്ര യോഗ ദിനം:എല്ലാവര്‍ഷവും ജൂണ്‍ 21-നാണ് അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കുന്നത്. 2015ല്‍ ആയിരുന്നു ഇതിന്‍റെ തുടക്കം. അന്താരാഷ്‌ട്ര യോഗ ദിനമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 2014 ഡിസംബര്‍ 14നായിരുന്നു ഇതില്‍ ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭ ഔദ്യോഗിക പ്രഖ്യാപനം നടത്തി ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.