വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 22ന് അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം നടത്തും. യുഎസും ഇന്ത്യയും തമ്മിലുള്ള വളരെ ആഴമേറിയ പങ്കാളിത്തം ഉറപ്പിക്കാനുള്ള അവസരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനമെന്ന് വൈറ്റ് ഹൗസ്. സ്വതന്ത്രവും സമൃദ്ധവും സുരക്ഷിതവുമായ ഇൻഡോ - പസഫിക്കിനുള്ള യുഎസ് - ഇന്ത്യ പങ്കിട്ട പ്രതിബദ്ധതയും പ്രതിരോധം, ഊർജം, ബഹിരാകാശം എന്നിവയുൾപ്പെടെ തന്ത്രപ്രധാനമായ സാങ്കേതിക പങ്കാളിത്തം വിലയിരുത്താനും ഈ സന്ദർശനം ശക്തിപ്പെടുത്തും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു.
യുഎസ് സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാന്‍ തങ്ങൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. സുരക്ഷ സഹകരണം, സാമ്പത്തിക ബന്ധങ്ങൾ, വ്യാപാരം തുടങ്ങി നിരവധി വിഷയങ്ങളിൽ ഇന്ത്യയുമായുള്ള യുഎസിന്‍റെ സഹകരണം കൂടുതൽ ആഴത്തിലാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും വേദാന്ത് പട്ടേൽ കൂട്ടിച്ചേർത്തു. പ്രസിഡന്‍റ് ജോ ബൈഡന്‍റെയും പ്രഥമ വനിത ജിൽ ബൈഡന്‍റെയും ക്ഷണത്തെ തുടർന്നാണ് പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനം.
സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിക്ക് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ചേർന്ന് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കും. ബുധനാഴ്‌ച വാർത്താക്കുറിപ്പിലൂടെയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ജൂൺ 22ന് രാജ്യം സന്ദർശിക്കുന്ന വേളയിൽ ജനപ്രതിനിധി സഭയുടെയും സെനറ്റിന്‍റെയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് യുഎസ് കോൺഗ്രസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്‌ചപ്പാട് പങ്കിടാനും തങ്ങളുടെ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ആഗോള വെല്ലുവിളികളെക്കുറിച്ച് സംസാരിക്കാനും മോദിക്ക് അവസരം ലഭിക്കുമെന്ന് വൈറ്റ് ഹൗസ് സ്‌പീക്കർ കെവിൻ മക്കാർത്തി, സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമർ, സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോണൽ, ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് എന്നിവർ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ സന്ദർശനം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ആഴമേറിയതും അടുത്തതുമായ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള അവസരമാകും.