ന്യൂഡല്‍ഹി:പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). സനാതന ധര്‍മ വിവാദവുമായി ബന്ധപ്പെടുത്തിയാണ് മോദി രൂക്ഷ വിമര്‍ശനം നടത്തിയത്. 'ഇന്ത്യ' സഖ്യത്തെ 'ഘമാണ്ഡിയ' സഖ്യമെന്നും (അഹങ്കാരികളുടെ സഖ്യം) മോദി വിശേഷിപ്പിച്ചു (PM Modi Renamed the INDIA Alliance as Gamandia). മധ്യപ്രദേശിലെ സാഗർ ജില്ലയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യവെയായുരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
'ഇന്ത്യ' സഖ്യം സനാതന ധര്‍മത്തെ (Sanathan Dharma) ഉന്മൂലനം ചെയ്യാന്‍ നീക്കം നടത്തുകയാണെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഹിന്ദു വിരുദ്ധരാണെന്നും മോദി കുറ്റപ്പെടുത്തി. സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യാന്‍ ആരാലും സാധ്യമല്ല. ഇന്ത്യ സഖ്യത്തിനെതിരെ ഭാരതീയര്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തമിഴ് നാട്ടില്‍ ഡി എം കെ നേതാവ് ഉദയനിധി സ്റ്റാലിന്‍ തുടങ്ങിവച്ച് സനാതന ധര്‍മ വിവാദത്തില്‍ ആദ്യമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണം നടത്തുന്നത്.
"ഘമാണ്ഡിയ സഖ്യം സനാതന ധർമത്തെ തകർക്കാൻ ആഗ്രഹിക്കുന്നു. രാജ്യത്തെയും സമൂഹത്തെയും വിഭജിക്കാൻ ചില ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. അവർ ഒരുമിച്ച് 'ഇന്ത്യ' സഖ്യം രൂപീകരിച്ചിരിക്കുന്നു. ഇന്ത്യയുടെ സംസ്കാരത്തെ ആക്രമിക്കാൻ അവർ ഒരു ഹിഡൻ അജണ്ടയും തീരുമാനിച്ചു. സനാതന ധര്‍മ സംസ്കാരത്തെ അവസാനിപ്പിക്കാനുള്ള പ്രമേയവുമായാണ് ഇന്ത്യ സഖ്യം എത്തിയത്. ഇന്ന് അവർ പരസ്യമായി സനാതന ധർമത്തെ ലക്ഷ്യമിടുന്നു. നാളെ അവർ നമുക്ക് നേരെയുള്ള ആക്രമണവും വർധിപ്പിക്കും. രാജ്യമെമ്പാടുമുള്ള എല്ലാ സനാതന ധര്‍മ വിശ്വാസികളും, നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്ന ജനങ്ങളും ജാഗ്രത പാലിക്കണം. അത്തരക്കാരെ നമുക്ക് തടയേണ്ടി വരും" -’’– പ്രധാനമന്ത്രി പറഞ്ഞു.