ന്യൂഡൽഹി:ശിവഗിരി തീർഥാടനത്തിന്‍റെ 90-ാം വാർഷികത്തിന്‍റെയും ബ്രഹ്മവിദ്യാലയത്തിന്‍റെ സുവർണജൂബിലിയുടെയും ഒരു വർഷം നീണ്ട ആഘോഷങ്ങൾക്ക് തുടക്കം. വാർഷികാഘോഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു. കേന്ദ്ര സഹമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമാണ് ഗുരുവെന്ന് പ്രധാനന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഭാരതത്തിന്‍റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീ നാരായണ ഗുരു. ഗുരുവിന്‍റെ ജനനത്തിലൂടെ കേരളം പുണ്യഭൂമിയായി മാറി. ശ്രീനാരായണ ഗുരുവിന്‍റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദര്‍ശനം ദേശ സ്നേഹത്തിന് ആധ്യാത്മികമായ ഉയരം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചൊവ്വാഴ്‌ച (ഏപ്രിൽ 26) പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് പരിപാടി സഘടിപ്പിച്ചത്. ഒരു വർഷം നീണ്ടുനിൽക്കുന്ന സംയുക്ത ആഘോഷങ്ങൾക്കായി സമർപ്പിച്ച ലോഗോയും പ്രധാനമന്ത്രി പ്രകാശനം ചെയ്‌തു.
മഹാനായ സാമൂഹിക പരിഷ്‌കർത്താവ് ശ്രീ നാരായണ ഗുരുവിന്‍റെ മാർഗനിർദേശപ്രകാരം ആരംഭിച്ചതാണ് ശിവഗിരി തീർഥാടനവും ബ്രഹ്മവിദ്യാലയവും. എല്ലാ വർഷവും ഡിസംബർ 30 മുതൽ ജനുവരി ഒന്ന് വരെ മൂന്ന് ദിവസത്തെ തീർഥാടനമാണ് തിരുവനന്തപുരം ശിവഗിരിയിൽ നടക്കുന്നത്. ഗുരുവിനെ സംബന്ധിച്ചടത്തോളം ജനങ്ങൾക്കിടയിൽ സമഗ്രമായ അറിവ് സൃഷ്‌ടിക്കുക, ജനങ്ങളുടെ സമഗ്രമായ വികസനത്തിനും സമൃദ്ധിക്കും സഹായിക്കുക എന്നിവയാണ് തീർഥാടനത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.