ന്യൂഡൽഹി: രാജ്യത്തെ സമ്പന്നർ വിദേശ രാജ്യങ്ങളിൽ പോയി ആർഭാട വിവാഹങ്ങൾ നടത്തുന്നതിൽ ആശങ്കയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi in Mann Ki Baat About Families Organising Weddings Abroad). രാജ്യത്തെ സമ്പത്ത് പുറത്തേക്ക് ഒഴുകാതിരിക്കാൻ ഇത്തരം ആഘോഷങ്ങൾ ഇന്ത്യയിൽ തന്നെ നടത്താനും, വിവാഹ ഷോപ്പിങിൽ (Wedding Shopping) ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇന്ത്യയിൽ വിവാഹ സീസൺ (Wedding Season in India) ആരംഭിച്ചതിന് പിന്നാലെയാണ് തൻ്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മൻ കീ ബാത്തിലൂടെ പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
"വിവാഹത്തെപ്പറ്റി പറയുമ്പോള്‍ ഒരു കാര്യം എന്നെ വളരെയേറെ വിഷമിപ്പിക്കുന്നു, എന്‍റെ ഹൃദയവേദന ഞാൻ സ്വന്തം കുടുംബാംഗങ്ങളോട് തുറന്നുപറഞ്ഞില്ലെങ്കിൽ മറ്റാരോട് പറയും? ചില കുടുംബങ്ങളിൽ വിദേശത്ത് പോയി കല്യാണം നടത്താനുള്ള ഒരു പ്രവണത ഉടലെടുക്കുന്നു, ഇത് ആവശ്യമാണോ?" മോദി ചോദിച്ചു.
ഇന്ത്യൻ മണ്ണിൽ, ഇന്ത്യക്കാര്‍ക്കിടയില്‍ വിവാഹാഘോഷങ്ങൾ നടത്തിയാല്‍ രാജ്യത്തിന്‍റെ പണം രാജ്യത്ത് തന്നെ തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത്തരം വിവാഹങ്ങളിലൂടെ രാജ്യത്തെ ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും സേവനമോ മറ്റോ ചെയ്യാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"പാവപ്പെട്ടവർ പോലും അവരുടെ മക്കളോട് നിങ്ങളുടെ കല്യാണത്തെ കുറിച്ച് സംസാരിക്കും. 'വോക്കൽ ഫോർ ലോക്കൽ' എന്ന ഈ ദൗത്യം വിപുലീകരിക്കാൻ നിങ്ങൾക്ക് കഴിയുമോ? എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഇത്തരം വിവാഹ ചടങ്ങുകൾ നടത്തിക്കൂടാ?" മോദി ചോദിച്ചു.
"നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള സംവിധാനം ഇന്നിവിടെ ഇല്ലായിരിക്കാം, പക്ഷേ നമ്മൾ അത്തരം പരിപാടികൾ സംഘടിപ്പിക്കുകയാണെങ്കിൽ സംവിധാനങ്ങളും വികസിക്കും. ഇത് വളരെ വലിയ കുടുംബങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. എന്‍റെ ഈ വേദന തീർച്ചയായും വലിയവരിലേക്ക് എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രനിർമ്മാണത്തിന്‍റെ ചുമതല ജനങ്ങൾ ഏറ്റെടുക്കുമ്പോൾ ലോകത്തെ ഒരു ശക്തിക്കും ആ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിന്ന് തടയാനാകില്ലെന്നും മോദി തന്‍റെ പ്രഭാഷണത്തില്‍ പറഞ്ഞു. ഇന്ന് രാജ്യത്തെ 140 കോടി ജനങ്ങളാണ് പല പരിവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് എന്നത് വ്യക്തമായി കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹത്തിന് തയ്യാറെടുക്കുമ്പോൾ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുൻഗണന നൽകണമെന്നും പ്രധാനമന്ത്രി മന്‍ കീ ബാത്തിലൂടെ അഭ്യർത്ഥിച്ചു. "വിവാഹ സീസണ്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു. ഈ വിവാഹ സീസണില്‍ ഏകദേശം 5 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് നടക്കുമെന്ന് ചില വ്യാപാര സംഘടനകള്‍ കണക്കാക്കുന്നു. വിവാഹങ്ങള്‍ക്കായി ഷോപ്പിംഗ് നടത്തുമ്പോള്‍, നിങ്ങള്‍ എല്ലാവരും ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കണം." അദ്ദേഹം പറഞ്ഞു.
Also Read:Convoy of tractors | ഘോഷയാത്രയിൽ 51 ട്രാക്‌ടറുകൾ, മകന്‍റെ വിവാഹം വ്യത്യസ്‌തമാക്കി കർഷകൻ
ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങൾ വാങ്ങാൻ ജനങ്ങൾക്ക് ഇപ്പോൾ താൽപര്യമുണ്ടെന്നും, കഴിഞ്ഞ ദീപാവലി സമയത്ത് ആളുകൾ ഇത്തരത്തിൽ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം മൻ കി ബാത്തിൽ 'വോക്കൽ ഫോർ ലോക്കൽ' (Vocal for Local) എന്നതിന് ഊന്നൽ നൽകിയിരുന്നു. അത് കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നാല് ലക്ഷം കോടിയിലധികം രൂപയുടെ ബിസിനസാണ് ദീപാവലി, ഭയ്യാ ദൂജ്, ഛാത്ത് എന്നീ ഉത്സവങ്ങൾക്കിടെ രാജ്യത്ത് നടന്നത്. ആളുകൾ ഉൽപ്പന്നങ്ങൾ ഇന്ത്യൻ നിർമിതമാണോ എന്ന് പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.