തേജസില്‍ പറന്ന് പ്രധാനമന്ത്രി ബെംഗളൂരു : ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ എത്തിയാണ് അദ്ദേഹം തേജസ് യാത്ര നടത്തിയത്. ഈ യാത്രാനുഭവം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും അത്രയും മനോഹരമായിരുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. രാജ്യത്തിന്‍റെ തദ്ദേശീയമായ കഴിവുകളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു (Narendra Modi Flies Sortie In Tejas Aircraft).
"തേജസ് യാത്രാനുഭവം പങ്കുവയ്‌ക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ്. പ്രതിരോധ നിര്‍മാണ രംഗത്തെ രാജ്യത്തിന്‍റെ കഴിവിലുളള തന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. രാജ്യത്തിന്‍റെ പര്യാപ്‌തതയില്‍ അഭിമാനം പകരുന്നതായിരുന്നു യാത്ര. ഇന്ന് തേജസില്‍ പറക്കുമ്പോള്‍ നിസംശയം പറയാന്‍ കഴിയും, കഠിനാധ്വാനവും അര്‍പ്പണബോധവും കാരണം ലോകത്ത് സ്വാശ്രയ മേഖലയില്‍ മറ്റാരെക്കാളും പിന്നിലല്ലെന്ന്, ഇന്ത്യന്‍ എയര്‍ഫോഴ്‌സിനും ഡിആര്‍ഡിഒയ്‌ക്കും എച്ച്എഎല്ലിനും ഒപ്പം ഇന്ത്യക്കാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍, പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളും തേജസ് വിമാനങ്ങളുടെ കാര്യശേഷി പരിശോധിക്കുന്നതിനും വേണ്ടിയായിരുന്നു പ്രധാനമന്ത്രി എത്തിയത്. തുടര്‍ന്ന് തേജസ് യുദ്ധവിമാനങ്ങളെ കുറിച്ച് അധികൃതര്‍ അദ്ദേഹത്തിന് വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് തേജസില്‍ സഞ്ചരിക്കാന്‍ പ്രധാനമന്ത്രിക്ക് അവസരം ഒരുങ്ങിയത്. യുദ്ധവിമാനത്തില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌തുകൊണ്ടായിരുന്നു പ്രധാനമന്ത്രി അനുഭവം പങ്കുവച്ചത്.
ബെംഗളൂരു ആസ്ഥാനമായ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏയറോനോട്ടിക്‌സ് ലിമിറ്റഡ് ആണ് തേജസ് നിര്‍മിക്കുന്നത്. 2001 മുതല്‍ ഇതുവരെ 50ല്‍ അധികം തേജസ് യുദ്ധവിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് വ്യോമസേനയ്‌ക്കായി നിര്‍മിച്ചുനല്‍കിയിരുന്നു. തേജസ് വിമാനങ്ങള്‍ക്കായി പല രാജ്യങ്ങളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ഒരാഴ്‌ച മുന്‍പ് തേജസ് വിമാനത്തില്‍ യാത്ര ചെയ്‌തിരുന്നു. അദ്ദേഹവും ആവശകരമായ അനുഭവമായിരുന്നു തേജസ് യാത്രയിലുണ്ടായതെന്ന് പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ വ്യോമസേന നിലവില്‍ 40 തേജസ് MK-1 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 36,468 കോടി രൂപയുടെ കരാറില്‍ 83 തേജസ് യുദ്ധവിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്‌തിട്ടുമുണ്ട്.