ന്യൂഡൽഹി :ടോക്കിയോ ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി പ്രമുഖർ. രാജ്യത്തിന് വേണ്ടി വെങ്കലം നേടിയ ടീമിന് അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ചരിത്രമാണ് പിറന്നിരിക്കുന്നതെന്ന് വിശേഷിപ്പിച്ചു.
ഓരോ ഇന്ത്യക്കാരന്‍റെയും മനസിൽ പതിഞ്ഞ ദിനമാണിത്. വിജയത്തിലൂടെ മുഴുവൻ രാജ്യത്തെയും ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഈ നേട്ടം കൈവരിച്ചതിൽ നിങ്ങളെയോർത്ത് അഭിമാനിക്കുന്നെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
41 വർഷങ്ങൾക്ക് ശേഷം രാജ്യത്തേക്ക് ഒളിമ്പിക് മെഡൽ കൊണ്ടുവന്ന ഹോക്കി ടീമിന് അഭിനന്ദനങ്ങൾ എന്നായിരുന്നു രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്‌തത്. ചരിത്രവിജയം ഹോക്കിയിൽ പുതുയുഗത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർഹമായ വിജയമാണ് ഇന്ത്യൻ ടീം നേടിയതെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. ഈ നേട്ടത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നതായി അഭിന്ദനം അറിയിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്‌തു.
READ MORE:തകര്‍പ്പന്‍ സേവുകളുമായി ശ്രീജേഷ് ; ജര്‍മനിയെ തകര്‍ത്ത് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കം
മുഖ്യമന്ത്രി പിണറായി വിജയനും ടീമിന് അഭിനന്ദനമറിയിച്ചു. ചരിത്ര വിജയം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങളെന്നായിരുന്നു മുഖ്യമന്ത്രി കുറിച്ചത്. കേരളത്തിന് അഭിമാനമായി നേതൃനിരയിലുണ്ടായിരുന്ന മലയാളി താരം ശ്രീജേഷിനും അദ്ദേഹം ആശംസകളറിയിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്‌ട്രപതി വെങ്കയ്യ നായ്‌ഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, നിർമല സീതാരാമൻ മുതലായ രാഷ്‌ട്രീയ പ്രമുഖർക്ക് പുറമേ സച്ചിൻ ടെൻഡുൽക്കർ, പി.ടി. ഉഷ, ഗൗതം ഗംഭീർ, സുരേഷ് റെയ്‌ന, ഷാറൂഖ് ഖാൻ, അക്ഷയ് കുമാർ, സണ്ണി ഡിയോൾ തുടങ്ങി നിരവധി പ്രമുഖര്‍ വിജയത്തിൽ അഭിനന്ദനം അറിയിച്ചു.
ജർമനിയെ തകര്‍ത്താണ് ഇന്ത്യ വെങ്കലം നേടിയത്. നാല് പതിറ്റാണ്ടിനുശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയിൽ മെഡൽ നേടുന്നത്. ടോക്കിയോയിൽ ഇന്ത്യയുടെ അഞ്ചാമത്തെ മെഡൽ നേട്ടമാണിത്. ടീമിലെ ഗോൾ കീപ്പറും ഏക മലയാളി താരവുമായ എസ് ശ്രീജേഷിന്‍റെ മിന്നും സേവുകളാണ് മത്സരത്തിന്‍റെ പല ഘട്ടത്തിലും ഇന്ത്യക്ക് തുണയായത്.