മോദി-ശരദ് പവാര്‍ കണ്ടുമുട്ടല്‍ പൂനെ (മഹാരാഷ്‌ട്ര): സ്വാതന്ത്ര്യസമര സേനാനിയായ ലോകമാന്യ തിലകിന്‍റെ പേരില്‍ വര്‍ഷംതോറും സമ്മാനിക്കാറുള്ള ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. നിരവധി ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പൂനെയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി പുരസ്‌കാരം ഏറ്റുവാങ്ങിയത്. മാത്രമല്ല, ദേശീയ രാഷ്‌ട്രീയത്തിലെ പ്രമുഖനും എന്‍സിപി ദേശീയ അധ്യക്ഷനുമായ ശരദ് പവാര്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടതും പുരസ്‌കാരദാന ചടങ്ങില്‍ ശ്രദ്ധേയമായി.
പുരസ്‌കാരം ആര്‍ക്കെല്ലാം:ലോകമാന്യ തിലകിന്‍റെ ഓര്‍മകള്‍ക്ക് മുന്നിലായി തിലക് സ്മാരക മന്ദിര്‍ ട്രസ്‌റ്റ് 1983 മുതലാണ് പുരസ്‌കാരം നല്‍കി തുടങ്ങുന്നത്. രാഷ്‌ട്രത്തിന്‍റെ പുരോഗതിക്കും വികസനത്തിനും വേണ്ടി പ്രയത്നിച്ച വ്യക്തികൾക്കും അവരുടെ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിവന്നിരുന്നത്. മാത്രമല്ല ലോകമാന്യ തിലകിന്‍റെ ചരമദിനമായ ഓഗസ്‌റ്റ് ഒന്നിനാണ് ഇവ സമ്മാനിക്കുന്നതും. മുന്‍ രാഷ്‌ട്രപതിമാരായ ഡോ.ശങ്കര്‍ ദയാല്‍ ശര്‍മ, പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയി, ഇന്ദിര ഗാന്ധി, ഡോ. മന്‍മോഹന്‍ സിങ്, ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തി, ഡോ. ഇ. ശ്രീധരന്‍ തുടങ്ങി പലര്‍ക്കും ഇതിനോടകം ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അതേസമയം ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം നേടുന്ന 41 -ാമത് ജേതാവാണ് നരേന്ദ്രമോദി.
മോദിയും ശരദ് പവാറും കണ്ടുമുട്ടിയപ്പോള്‍ കണ്ടുമുട്ടല്‍ മാത്രം, കൂട്ടിമുട്ടലല്ല:മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ നീക്കങ്ങള്‍ക്കും അജിത് പവാറിന്‍റെ എന്‍ഡിഎ പ്രവേശനത്തിനും പിന്നാലെയാണ് ശരദ് പവാര്‍ പ്രധാനമന്ത്രിക്കൊപ്പം ഒരു പൊതുവേദി പങ്കിടുന്നത്. എന്നാല്‍ ശരദ് പവാറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുശീല്‍കുമാര്‍ ഷിന്‍ഡെയും പരിപാടിയില്‍ പങ്കെടുത്തത് തിലകിന്‍റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതുകൊണ്ടെന്നാണ് വിവരം. മാത്രമല്ല പൂനെയിലെ മുകുന്ദ് നഗറിലുള്ള തിലക് മഹാരാഷ്‌ട്ര വിദ്യാപീഠം ഗ്രൗണ്ടിൽ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നതും ശരദ് പവാറായിരുന്നു. അതുകൊണ്ടുതന്നെ അനന്തരവന്‍ അജിതിന്‍റെ പടിയിറക്കവും ശരദ് പവാറിന്‍റെ വേദി പങ്കിടലും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല എന്നാണ് എന്‍സിപി നേതൃത്വത്തിന്‍റെ വിശദീകരണം.
അതേസമയം പൂനെയിലെത്തിയ പ്രധാനമന്ത്രി ചൊവ്വാഴ്‌ച (01.08.2023) പകല്‍ 11 മണിയോടെ ദഗ്ദുഷേത് ക്ഷേത്രം സന്ദർശിച്ചിരുന്നു. ക്ഷേത്ര ദര്‍ശനവും പൂജയും നടത്തിയ ശേഷമായിരുന്ന അദ്ദേഹം ലോകമാന്യ തിലക് പുരസ്‌കാര വേദിയിലെത്തിയത്. തുടര്‍ന്ന് 12.45 ഓടെ പ്രധാനമന്ത്രി മെട്രോ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് കര്‍മവും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തി.
പവാറിനെ കണ്ട് അനുഗ്രഹം വാങ്ങി:എന്നാല്‍ എന്‍സിപി വിട്ട വിമത നേതാവും നിലവിലെ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ കഴിഞ്ഞദിവസം എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്‍സിപി വിട്ട് ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ മന്ത്രിമാരായി ചുമതലയേറ്റ എട്ട് പേരും പുറമെ എൻസിപി മുന്‍ വർക്കിങ് പ്രസിഡന്‍റ് പ്രഫുൽ പട്ടേലും അജിതിനൊപ്പം ഉണ്ടായിരുന്നു. ദക്ഷിണ മുംബൈയിലെ യശ്വന്ത്റാവു ചവാൻ സെന്‍ററിലെത്തിയായിരുന്നു ഇവര്‍ ശരദ് പവാറിനെ നേരില്‍ കണ്ടത്. ഛഗൻ ഭുജ്ബൽ, ഹസൻ മുഷ്രിഫ്, ദിലീപ് വാൽസെ പാട്ടീൽ, അദിതി തത്കരെ, ധനഞ്ജയ് മുണ്ടെ തുടങ്ങിയ മന്ത്രിമാരാണ് അജിത് പവാറിനൊപ്പം ഉണ്ടായിരുന്നത്. മുന്‍കൂട്ടി തീരുമാനിച്ചുള്ള മീറ്റിങ്ങല്ല ഇപ്പോള്‍ നടന്നതെന്നും യശ്വന്ത്റാവു ചവാൻ സെന്‍ററില്‍ പവാർ ഉണ്ടെന്നറിഞ്ഞപ്പോൾ പുതുതായി ചുമതലയേറ്റ മുഴുവന്‍ മന്ത്രിമാരും അദ്ദേഹത്തെ കാണാന്‍ ചെല്ലുകയായിരുന്നുവെന്നും അജിത് പവാര്‍ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.