ന്യൂഡല്‍ഹി : സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ത്രിവര്‍ണ പതാക സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പൗരന്മാര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഡിസ്‌പ്ലേ ചിത്രത്തില്‍ (ഡിപി) ത്രിവര്‍ണ പതാക ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
'ഹര്‍ ഘര്‍ തിരംഗ ആശയത്തിന്‍റെ ആവേശത്തില്‍ നമ്മുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാം. നമ്മളും നമ്മുടെ രാജ്യവും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കുന്ന ഈ അതുല്യ ശ്രമത്തിന് പിന്തുണ നല്‍കാം' -പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്‌തു. ഓഗസ്റ്റ് 13 മുതല്‍ 15 വരെയാണ് ഹര്‍ ഘര്‍ തിരംഗ (എല്ലാ വീട്ടിലും ത്രിവര്‍ണ പതാക) ആചരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമാകണം എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ പതാക സ്വാതന്ത്ര്യത്തിന്‍റെയും ദേശീയ ഐക്യത്തിന്‍റെയും പ്രതീകമാണെന്നും പതാകക്കൊപ്പമുള്ള ചിത്രങ്ങള്‍ ഹര്‍ ഘര്‍ തിരംഗ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 'ഓരോ ഇന്ത്യക്കാരനും ത്രിവര്‍ണ പതാകയുമായി വൈകാരികമായ ബന്ധമുണ്ട്. കൂടുതല്‍ ദേശീയ പുരോഗതിക്കായി കഠിനാധ്വാനം ചെയ്യാന്‍ അത് നമ്മെ പ്രേരിപ്പിക്കുന്നു' -പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1800 ഓളം വിശിഷ്‌ടാതിഥികള്‍ പങ്കെടുക്കുകയും അദ്ദേഹത്തിന്‍റെ പ്രസംഗം ശ്രവിക്കുകയും ചെയ്യും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ഡല്‍ഹി പൊലീസ് രാജ്യ തലസ്ഥാനത്ത് പരിശോധനയും സുരക്ഷാ നടപടികളും ശക്തമാക്കിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യൻ സായുധ സേനയുടെ ഡ്രസ് റിഹേഴ്‌സൽ ചെങ്കോട്ടയിൽ ആരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സൈനിക ബാൻഡ്, നാവിക, വ്യോമസേന യൂണിറ്റുകൾ ഉൾപ്പടെ വിവിധ സംഘങ്ങൾ റിഹേഴ്‌സലിൽ പങ്കെടുക്കുകയുണ്ടായി. ഫുള്‍ ഡ്രസ് റിഹേഴ്‌സലാണ് ചെങ്കോട്ടയില്‍ ആരംഭിച്ചത്.
ഇന്നലെയാണ് ചെങ്കോട്ടയിൽ (Red Fort) സേനയുടെ ഡ്രസ് റിഹേഴ്‌സൽ ആരംഭിച്ചത്. എല്ലാ കേന്ദ്ര സർക്കാർ വകുപ്പുകളും സംസ്ഥാന സർക്കാരുകളും സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. 'മേരി മാതി മേരാ ദേശ്' കാമ്പയിന്‍റെ ഭാഗമായി ജമ്മു കശ്‌മീർ പൊലീസ് സംഘടിപ്പിച്ച 'ഹർ ഘർ തിരംഗ' റാലിയിൽ സ്‌കൂൾ വിദ്യാർഥികളടക്കം പങ്കെടുക്കുകയുണ്ടായി. ആഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിലേയ്‌ക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 50 നഴ്‌സിങ് ഓഫിസർമാരെ അതിഥികളായി ക്ഷണിച്ചിട്ടുണ്ട്.