ശിവമോഗ: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പയെ ഫോണില്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഈശ്വരപ്പയെ വെള്ളിയാഴ്‌ച രാവിലെ 9.05 ഓടെയാണ് പ്രധാനമന്ത്രി ഫോണില്‍ വിളിച്ചത്. അതേസമയം ഈശ്വരപ്പയുടെ മകന്‍റെ സ്ഥാനാര്‍ഥിത്വം ബിജെപി തള്ളിയതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഫോണ്‍കോള്‍ എന്നതും ശ്രദ്ധേയമാണ്.
തേടിയെത്തിയ 'പ്രധാന' കോള്‍: വീഡിയോ കോളില്‍ സംസാരിച്ച പ്രധാനമന്ത്രിയോട് താങ്കള്‍ വിളിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു ഈശ്വരപ്പയുടെ ആദ്യ പ്രതികരണം. നിങ്ങള്‍ വിളിച്ചതില്‍ എല്ലാവരും സന്തോഷത്തിലാണെന്നും നമ്മള്‍ ജയിക്കാന്‍ പോവുകയാണെന്നും ഈശ്വരപ്പ നരേന്ദ്രമോദിയോട് മറുപടി നല്‍കുന്നതായി കാണാമായിരുന്നു. നിലവില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സജീവ രാഷ്‌ട്രീയത്തോട് വിടപറഞ്ഞ അദ്ദേഹത്തിന്‍റെ നടപടിയെ പ്രധാനമന്ത്രി പ്രശംസിച്ചു. പാര്‍ട്ടി തീരുമാനങ്ങള്‍ അനുസരിച്ചതില്‍ ഏറെ സന്തുഷ്‌ടനാണെന്നും ഇത് മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാണെന്നും മോദി അറിയിച്ചു. ഈ സമയം വിനയത്തോടെ മോദിയുടെ ആശീര്‍വാദം ആവശ്യപ്പെടുകയായിരുന്നു ഈശ്വരപ്പ. ഈ സമയം പ്രധാനമന്ത്രിയും ഈശ്വരപ്പയുമായുള്ള സംഭാഷണം മകനും മരുമകളും ഉള്‍പ്പടെ ശ്രദ്ധയോടെ കേള്‍ക്കുന്ന വീഡിയോ നിലവില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഫോണ്‍കോളും അഭ്യൂഹങ്ങളും:എന്നാല്‍ നരേന്ദ്രമോദിയുടെ ഫോണ്‍കോളിന് പിന്നാലെ ഈശ്വരപ്പയ്‌ക്ക് ഹൈക്കമാന്‍ഡ് ചുമതലയോ പാര്‍ട്ടിയില്‍ മറ്റ് ഉന്നത സ്ഥാനങ്ങളോ നല്‍കിയേക്കാമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. മകന്‍റെ സീറ്റ് നിഷേധത്തില്‍ അരിശം കൊള്ളുകയോ പരസ്യപ്രസ്‌താവകള്‍ക്ക് പോലും മുതിരുകയോ ചെയ്യാതിരുന്ന ഈശ്വരപ്പയെ ബിജെപി മികച്ച രീതിയില്‍ തന്നെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല മകന് ബിജെപി ടിക്കറ്റ് നിഷേധിച്ചപ്പോള്‍ മറ്റ് പാര്‍ട്ടികളെ സമീപിക്കാതെ നിലവിലും ബിജെപിയുടെ വിജയം സ്വപ്‌നം കണ്ട് മുന്നോട്ടുപോകുന്ന ഈശ്വരപ്പയില്‍ പാര്‍ട്ടിക്കും ഏറെ മതിപ്പുണ്ടെന്നതും പ്രധാനമന്ത്രിയുടെ ഫോണ്‍കോളില്‍ നിന്നും വ്യക്തമാണ്.