ഭുവനേശ്വര്‍:രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ ദുരന്തം നടന്ന സ്ഥലത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷപ്രവർത്തനം പൂർത്തിയായതായി റെയിൽവേ മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി അപകടസ്ഥലത്തേക്ക് നേരിട്ടെത്തിയത്. പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും സംഭവ സ്ഥലം സന്ദർശിച്ചു.
കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും:അപകടസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടർന്ന് പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രിയും പ്രധാനമന്ത്രി സന്ദർശിച്ചു. പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും ബാലസോറിലെ ഫക്കീർ മോഹൻ ആശുപത്രിയിലെത്തിയാണ് പരിക്കേറ്റ് ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചത്. അപകടത്തിന് ഉത്തരവാദികളായവർ കഠിനമായി ശിക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ശനിയാഴ്ച (03.06.23) രാവിലെ തന്നെ അപകടസ്ഥലത്തെത്തിയിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അപകടമാണ് ബാലസോർ സംഭവമെന്നാണ് മമത മാധ്യമങ്ങളോട് പ്രതികരിച്ചത്. പരിക്കേറ്റവർക്ക് എല്ലാ ചികിത്സ സഹായവും നല്‍കുമെന്നും മരിച്ചവരുടെ കുടുംബത്തിനൊപ്പമുണ്ടെന്നും നവീൻ പട്നായിക്കും പ്രതികരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും പ്രധാനമന്ത്രി, ബംഗാൾ മുഖ്യമന്ത്രി, ഒഡിഷ മുഖ്യമന്ത്രി, തമിഴ്നാട് മുഖ്യമന്ത്രി, റെയില്‍വേ എന്നിവർ സഹായധനം പ്രഖ്യാപിച്ചിരുന്നു. അശ്വിനി വൈഷ്ണവ് രാവിലെ അപകടം നടന്ന സ്ഥലത്ത് എത്തി സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരും രാവിലെ മന്ത്രിക്കൊപ്പം സംഭവ സ്ഥലം സന്ദർശിച്ചു.