ന്യൂഡല്‍ഹി : ഇന്ത്യയുടെ ലക്ഷ്യം ലോകസമാധാനമാണെന്നും ആത്മനിര്‍ഭര്‍ ഭാരത് പോലുള്ള പദ്ധതി ലോകത്തിന്‍റെ പുരോഗതി മുന്നില്‍ കണ്ടാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി. ഒമ്പതാം സിഖ് ഗുരു തേജ് ബഹാദൂറിന്‍റെ 400-ാം ജന്മവാര്‍ഷികത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുവിന്‍റെ ആദര്‍ശങ്ങളിലാണ് രാജ്യം മുന്നോട്ടുപോകുന്നത്. മുഗള്‍ ഭരണാധികാരി ഔറംഗസേബ് ഗുരു തേജ് ബഹാദൂറിനെ വധിക്കാന്‍ ഉത്തരവിട്ടത് ചെങ്കോട്ടയില്‍ നിന്നാണെന്നും മോദി പറഞ്ഞു. ഔറംഗസേബിന്‍റെ നിരവധി അതിക്രമങ്ങള്‍ക്ക് ചെങ്കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ട്. പല സാമ്രാജ്യശക്തികള്‍ വന്നപ്പോഴും ഇന്ത്യ കരുത്തോടെ നിലകൊണ്ടു.
ഇന്ത്യന്‍ സംസ്‌കാരം എപ്പോഴൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ചരിത്ര പുരുഷന്‍ അവതാരമെടുത്തിട്ടുണ്ട്. ഇന്ത്യ ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ലെന്നും ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു.
Also Read: പാരമ്പര്യ ചികിത്സ പ്രോത്സാഹിപ്പിക്കും; 'ആയുഷ് മാർക്ക്', 'ആയുഷ് വിസ' അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി
ഗുരു തേജ് ബഹാദൂറിന്‍റെ സ്‌മരണാര്‍ഥം നാണയവും തപാല്‍ സ്റ്റാമ്പും അദ്ദേഹം ചടങ്ങില്‍ പ്രകാശനം ചെയ്‌തു. സൂര്യാസ്‌തമയത്തിന് ശേഷം ചെങ്കോട്ടയില്‍ നിന്നും പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. 1675-ലാണ് തേജ് ബഹാദൂറിനെ വധിക്കുന്നത്.
ചെങ്കോട്ടയ്‌ക്ക് സമീപമാണ് ചാന്ദ്നി ചൗക്കിലെ സിസ് ഗഞ്ച് സാഹിബ് ഗുരുദ്വാര. ഗുരു തേജ് ബഹാദൂറിനെ വധിച്ച സ്ഥലത്താണ് ഈ ഗുരുദ്വാര നിലനില്‍ക്കുന്നത്. പാര്‍മെന്‍റിന് സമീപമുള്ള റാകബ് ഗഞ്ച് സാഹിബ് ഗുരുദ്വാര അദ്ദേഹത്തിന്‍റെ ശവസംസ്‌കാരം നടന്ന സ്ഥലമാണ്.
സ്വാതന്ത്ര്യദിനത്തിലല്ലാതെ മോദി ചെങ്കോട്ടയില്‍ പ്രസംഗിക്കുന്നത് ഇത് രണ്ടാം തവണയാണ്. നേതാജി സുഭാഷ് ചന്ദ്ര ബോസ് ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപവത്‌കരിച്ചതിന്‍റെ 75-ാം വാര്‍ഷമായ 2018ല്‍ അദ്ദേഹം ചെങ്കോട്ടയില്‍ പ്രസംഗിച്ചിരുന്നു.