ന്യൂഡല്‍ഹി: ആരാധനാലയങ്ങൾ സംബന്ധിച്ച പ്രത്യേക വ്യവസ്ഥകൾ ഉള്‍പ്പെട്ട 1991 ലെ നിയമത്തിലെ ചില വകുപ്പുകളുടെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികളില്‍ വാദം കേള്‍ക്കല്‍ മാറ്റി സുപ്രീംകോടതി. ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന് മുമ്പാകെ ഒക്‌ടോബര്‍ 11നാണ് വാദം കേള്‍ക്കുക. അതേസമയം ഹർജികളിൽ കേന്ദ്രം രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ചീഫ് ജസ്‌റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം നോട്ടീസ് നൽകിയ ഹർജികളിൽ കേന്ദ്ര സർക്കാർ ഇതുവരേയും പ്രതികരണം നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരാധനാലയ നിയമത്തെ ചോദ്യം ചെയ്യുന്ന പ്രധാന ഹർജികളിൽ ഇടപെട്ടുകൊണ്ട് അഞ്ച് പേജിൽ കൂടാത്ത രേഖാമൂലമുള്ള നിര്‍ദേശം സമര്‍പ്പിക്കാനും കോടതി ഹര്‍ജിക്കാരെ അനുവദിച്ചു. ഈ വിഷയത്തിൽ സമർപ്പിച്ച ചില ഹർജികളിലും ഇടപെടൽ അപേക്ഷകളിലും കോടതി കേന്ദ്രത്തിന് നോട്ടീസുമയച്ചു. ഒക്‌ടോബര്‍ 11 ന് വാദം കേള്‍ക്കാനിരിക്കെ കക്ഷികളെല്ലാം തന്നെ ഇതിനകം ഹര്‍ജികളില്‍ പൂര്‍ത്തീകരണം വരുത്തണമെന്നും കോടതി അറിയിച്ചു. നേരത്തെയും, ഇതേ വിഷയത്തിലുള്ള ഹർജികളിൽ ഇടപെടാനും, അപേക്ഷ സമര്‍പ്പിക്കാനും ഹർജിക്കാർക്ക് സുപ്രീംകോടതി സ്വാതന്ത്ര്യം നൽകിയിരുന്നു.
അതേസമയം, അധിനിവേശക്കാര്‍ നശിപ്പിച്ച ആരാധനാലയങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും പുനഃസ്ഥാപിക്കാനുള്ള ഹിന്ദു, ജൈന, ബുദ്ധ, സിഖു മതവിശ്വാസികളുടെ അവകാശം ഈ നിയമം എടുത്തുകളയുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ആരാധനാലയങ്ങൾ സംബന്ധിച്ച പ്രത്യേക വ്യവസ്ഥകൾ ഉള്‍പ്പെട്ട നിയമത്തിനെതിരെ ഹര്‍ജികളെത്തുന്നത്. കാശി രാജകുടുംബത്തിലെ അംഗം മഹാരാജാ കുമാരി കൃഷ്ണ പ്രിയ, ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, മുൻ പാർലമെന്റംഗം ചിന്താമണി മാളവ്യ, വിമുക്ത സൈനിക ഉദ്യോഗസ്ഥനായ അനിൽ കബോത്ര, അഭിഭാഷകനായ ചന്ദ്രശേഖർ, വാരാണസി നിവാസിയായ രുദ്ര വിക്രം സിംഗ്, ആത്മീയ നേതാവ് സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി, മഥുര സ്വദേശിയും ആത്മീയ നേതാവുമായ ദേവകിനന്ദൻ ഠാക്കൂര്‍ എന്നിവരാണ് 1991 ലെ ആരാധനാലയങ്ങൾ സംബന്ധിച്ച നിയമത്തിനെതിരെയുള്ള ഹര്‍ജിക്കാര്‍.
Also Read: ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു: കേന്ദ്രത്തിന് നോട്ടിസ് അയച്ച് സുപ്രീം കോടതി
നിയമത്തെ ചോദ്യം ചെയ്തുള്ള അഭിഭാഷകൻ അശ്വിനി ഉപാധ്യായയുടെ മറ്റൊരു ഹർജിയിലും സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. " ഈ നിയമം ലോകമെമ്പാടും ഒരേപോലെ ആരാധിക്കപ്പെടുന്ന മഹാവിഷ്ണുവിന്റെ രണ്ട് അവതാരമാണെങ്കിലും ശ്രീരാമന്റെ ജന്മസ്ഥലത്തെ ഒഴിവാക്കുകയും എന്നാൽ ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തെ ഉൾപ്പെടുത്തുകയും ചെയ്യുന്നു" എന്നായിരുന്നു ഒരു ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ കോടതിയെ അറിയിച്ചത്. എന്നാല്‍, നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കുന്നത് ഇന്ത്യയിലുടനീളമുള്ള എണ്ണമറ്റ ഇസ്‌ലാമിക ആരാധനാലയങ്ങളെ കോടതി കയറ്റുമെന്നറിയിച്ച് ജമാഅത്ത് ഉലമ ഇ ഹിന്ദും സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.