ന്യൂഡൽഹി:പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കും (PFI) അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്ര സർക്കാർ. അഞ്ച് വർഷത്തേക്കാണ് നിരോധനം. സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ, രാഷ്‌ട്രീയ സംഘടനയായി പിഎഫ്‌ഐ പ്രവർത്തിക്കുന്നുണ്ടെങ്കിലും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ സമൂലവത്കരിക്കാനുള്ള രഹസ്യ അജണ്ടയാണ് അവർ പിന്തുടരുന്നതെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
പിഎഫ്ഐയുടെ പ്രവർത്തനം ജനാധിപത്യ സങ്കൽപ്പങ്ങളെ തുരങ്കം വയ്ക്കുന്നതാണെന്നും ഭരണഘടനാപരമായ അധികാരത്തോടും രാജ്യത്തിന്‍റെ ഭരണഘടന സജ്ജീകരണത്തോടും തികഞ്ഞ അനാദരവ് പ്രകടപ്പിക്കും വിധമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്‌ക്കും വെല്ലുവിളിയാണ്. രാജ്യത്തിന്‍റെ പൊതുസമാധാനത്തിനും സാമുദായിക സൗഹാർദത്തിനും ഭംഗം വരുത്തുന്നതും ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതുമാണ് പിഎഫ്ഐയുടെ പ്രവർത്തനങ്ങളെന്നും വിജ്ഞാപനത്തിൽ പറയുന്നു.
നിരോധിത സംഘടനകളുമായി ബന്ധം:പിഎഫ്ഐയുടെ സ്ഥാപക അംഗങ്ങളിൽ ചിലർ സ്റ്റുഡന്‍റ്സ് ഇസ്‌ലാമിക് ഓഫ് ഇന്ത്യയുടെ (SIMI) നേതാക്കളാണെന്നും പിഎഫ്ഐക്ക് ജമാത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശുമായി (JMB) ബന്ധമുണ്ടെന്നും ഇവ രണ്ടും നിരോധിത സംഘടനകളാണെന്നും അതിൽ പറയുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ISIS) പോലുള്ള ആഗോള ഭീകര സംഘടനകളുമായി പിഎഫ്ഐക്ക് അന്താരാഷ്‌ട്ര തലത്തിൽ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.