ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ തങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയെ മറികടന്നതായുള്ള സൂചനകള്‍ ലഭിച്ചതിന് പിന്നാലെയാണ് പെട്രോള്‍, ഡീസല്‍ വില കുറയുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ (ഒഎംസി) സാമ്പത്തിക പ്രതിസന്ധി മറികടന്നുവെന്നത് കഴിഞ്ഞ മൂന്ന് മാസത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെന്നും പെട്രോള്‍, ഡീസല്‍ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ധന ഉത്‌പാദനം വെട്ടിക്കുറയ്‌ക്കുമെന്ന് സൗദി: ലോകത്തെ മുന്‍നിര ഇന്ധന കയറ്റുമതി രാജ്യമായ സൗദി അറേബ്യ അടുത്ത മാസത്തോടെ ഇന്ധന ഉത്‌പാദനം വെട്ടി കുറയ്‌ക്കും. അതേ സമയം ക്രൂഡ് ഓയില്‍ വിതരണത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ധനത്തിന്‍റെ അധിക ഉത്‌പാദനം വെട്ടി കുറയ്‌ക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ടെങ്കിലും ക്രൂഡ് ഓയില്‍ വിതരണത്തില്‍ കുറവുണ്ടാകില്ലെന്നും അറിയിച്ചു.
ഉത്‌പാദനം കുറച്ചാലും ഇന്ധന വിതരണം കൃത്യമായി കൈകാര്യം ചെയ്യുമെന്ന് ഒഎംസി (ഇന്ധന ഉല്‍പ്പാദന രാജ്യങ്ങൾ) അറിയിച്ചു. ഹരിത ഹൈഡ്രജൻ ദൗത്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒഎംസികള്‍ യോഗം ചേര്‍ന്നിരുന്നു. സൗദിക്കൊപ്പം റഷ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉത്‌പാദന കമ്പനികളും ഉത്‌പാദനം വെട്ടി കുറയ്‌ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസിന്‍റെ (ഒപെക്) നേതൃത്വത്തില്‍ വിയന്നയില്‍ ചേര്‍ന്ന യോഗത്തിലാണ് സൗദിയും റഷ്യയും ഉത്‌പാദനം വെട്ടിക്കുറക്കുമെന്ന് അറിയിച്ചത്.