ബസ്‌തി (ഉത്തര്‍പ്രദേശ്): വിഷം കലര്‍ത്തിയ ഇറച്ചി നല്‍കി വളര്‍ത്തു നായയെ കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ ബസ്‌തി ജില്ലയിലെ പർസ ഖുർദ് ഗ്രാമത്തിലാണ് സംഭവം. നായയുടെ കൊലപാതകത്തില്‍ നാട്ടിലെ ചില പൂവാലന്‍മാരാണെന്ന് ആരോപിച്ച് ഉടമ രാജൻ ചൗധരി എഎസ്‌പിക്ക് പരാതി നല്‍കി.
പൂവാലന്‍മാര്‍ക്ക് ഭീഷണിയായി വളര്‍ത്തു നായ; ഇറച്ചിയില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയതായി പരാതി
ഉത്തര്‍പ്രദേശിലെ ബസ്‌തി ജില്ലയിലെ പർസ ഖുർദ് ഗ്രാമത്തിലാണ് സംഭവം. നായയുടെ കൊലപാതകത്തില്‍ നാട്ടിലെ ചില പൂവാലന്‍മാരാണെന്ന് ആരോപിച്ച് ഉടമ രാജൻ ചൗധരി എഎസ്‌പിക്ക് പരാതി നല്‍കി
ഗ്രാമത്തിലെ പെണ്‍കുട്ടികളെ ചില യുവാക്കള്‍ ശല്യപ്പെടുത്താറുണ്ടെന്നും ഇവര്‍ രാത്രിയില്‍ പെണ്‍കുട്ടികളുടെ വീടിനടുത്ത് തമ്പടിക്കാറുണ്ടെന്നും രാജന്‍ ചൗധരി പറഞ്ഞു. ഇവരുടെ ശല്യം ഒഴിവാക്കാനാണ് രാജന്‍ നായകളെ വാങ്ങിയത്. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട രണ്ട് നായകളാണ് രാജന്‍ ചൗധരിക്ക് ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം യുവാക്കള്‍ തന്‍റെ വീടിന് സമീപത്തു കൂടെ പോയപ്പോള്‍ നായകള്‍ വലിയ ശബ്‌ദത്തില്‍ കുരച്ചിരുന്നതായും ഇതില്‍ പ്രകോപിതരായി യുവാക്കള്‍ നായയെ കൊല്ലുകയായിരുന്നു എന്നുമാണ് രാജന്‍ ചൗധരി പൊലീസിനോട് പറഞ്ഞത്. വ്യാഴാഴ്‌ച ആയിരുന്നു സംഭവം. ലോക്കല്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും അതിനാലാണ് എഎസ്‌പിക്ക് പരാതി നല്‍കിയതെന്നും രാജന്‍ ചൗധരി പറഞ്ഞു.