ന്യൂഡൽഹി :ലൈംഗിക ഉദ്ദേശം വ്യക്തമെങ്കില്‍ നേരിട്ടുള്ള സ്‌പർശനമില്ലെങ്കിൽ പോലും (skin to skin contact) പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വസ്‌ത്രത്തിന് പുറത്തുകൂടിയുള്ള സ്‌പർശനം ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്ന നിലപാടിൽ പ്രതിയെ വിട്ടയച്ച ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് പരമോന്നത കോടതിയുടെ നിരീക്ഷണം.
പോക്‌സോ കേസുകളിൽ കുറ്റകൃത്യം നിർവചിക്കുമ്പോള്‍ കാര്യങ്ങള്‍ ഇരയുടെ ഭാഗത്തുനിന്ന് നോക്കിക്കാണണമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ബോംബെ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച രണ്ട് അപ്പീലുകളിലാണ് സുപ്രീം കോടതി വിധി.
ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ചാണ് നിലപാടറിയിച്ചത്. പോക്‌സോ നിയമത്തിന്‍റെ തെറ്റായ വ്യാഖ്യാനമാണ് ബോംബെ ഹൈക്കോടതി നടത്തിയത്. കുറ്റകൃത്യം സ്ഥാപിക്കുന്നതിന് നേരിട്ടുള്ള ശാരീരിക സമ്പർക്കം മാനദണ്ഡമാക്കിയാൽ ഫലങ്ങൾ വിനാശകരമാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.