ന്യൂഡല്‍ഹി: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്ക് (Nimisha Priya death row in Yemen) പോകാന്‍ അമ്മ പ്രേമ കുമാരിക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. മകളുടെ മോചനത്തിനായി സ്വന്തം റിസ്‌കില്‍ യെമനിലേക്ക് പോകാനാണ് അനുമതി നല്‍കിയത് (Permission to travel Yemen).ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദയുടേതാണ് ഉത്തരവ്. യാത്രാ തീയതിയും ഇന്ത്യയിലേക്ക് മടങ്ങുന്ന തീയതിയും വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി പ്രേമ കുമാരിയോട് ആവശ്യപ്പെട്ടു.
നേരത്തേ യെമനിലേക്ക് പ്രേമ കുമാരിക്കൊപ്പം പോകാന്‍ സന്നദ്ധരായ ആളുകളോട് സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സാധുവായ വിസയിൽ 24 വർഷത്തിലേറെയായി യെമനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമ സാമുവൽ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. കേന്ദ്ര ഗവൺമെന്‍റിന്‍റെ യാതൊരു ബാധ്യതയുമില്ലാതെ, ബന്ധപ്പെട്ട യെമന്‍ അധികാരിയുമായി ചർച്ച നടത്താൻ നിമിഷ പ്രിയയുടെ അമ്മയോടൊപ്പം യെമനിലേക്ക് പോകാൻ താൻ തയ്യാറാണെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.നിയമപരമായ പ്രതിവിധി അന്വേഷിക്കുന്നതിനും നിമിഷ പ്രിയയെ രക്ഷിക്കാനായി എന്തെങ്കിലും സൗഹാർദ്ദപരമായ പരിഹാരമുണ്ടോ എന്നറിയുന്നതിനും പ്രേമ കുമാരിയെ യെമനിലേക്ക് അനുഗമിക്കാൻ ഇവര്‍ക്കും അനുമതി നല്‍കും.
കേന്ദ്ര സര്‍ക്കാരിന്‍റെയോ ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്‍റെയോ ബാധ്യതയില്ലാതെ തന്‍റെ സ്വന്തം ഉത്തരവാദിത്തത്തിൽ മകളെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി യെമനിലേക്ക് പോകാന്‍ ഒരുക്കമാണെന്ന് കാട്ടി ഹര്‍ജിക്കാരിയും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. (Nimisha Priya release).
ഇന്ത്യൻ പൗരന്മാർക്ക് വിദേശ രാജ്യത്തേക്ക് യാത്ര ചെയ്യാനുള്ള യാത്രാ വിലക്ക് നിമിഷ പ്രിയയുടെ അമ്മയുടെ കാര്യത്തില്‍ ഇളവ് ചെയ്ത് നല്‍കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തന്‍റെ മകളെ തൂക്കുമരത്തിൽ നിന്ന് രക്ഷിക്കാനുള്ള ഏക മാർഗം മരിച്ചയാളുടെ കുടുംബവുമായി ചർച്ച നടത്തുക എന്നതാണെന്ന് പ്രേമ കുമാരി കോടതിയില്‍ വാദിച്ചു. മകളുടെ മോചനത്തിനാവശ്യമായ ബ്ലഡ് മണി സ്വികരിച്ച് മാപ്പ് നല്‍കണമെന്ന് കൊല്ലപ്പെട്ടയാളിന്‍റെ കുടുംബത്തോട് അഭ്യര്‍ത്ഥിക്കാനും അതിനുള്ള സംവിധാനം ഒരുക്കാനുമാണ് യെമന്‍ യാത്രയ്ക്ക് പ്രേമ കുമാരി അനുമതി തേടിയത്.