റായ്‌പൂര്‍: കൊവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി ഛത്തീസ്‌ഗഡ്. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാൻഡുകള്‍, അന്തര്‍ സംസ്ഥാന അതിര്‍ത്തികള്‍ എന്നിവ വഴി സംസ്ഥാനത്തെത്തുന്ന യാത്രക്കാര്‍ക്കാണ് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഗ്രാമീണ മേഖലകളിലും പരിശോധന ശക്തമാക്കും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനായി വിര്‍ച്വല്‍ യോഗം ചേര്‍ന്നു. സംസ്ഥാനത്തെ 10 ജില്ലകളില്‍ നിലവിലെ കൊവിഡ് സാഹചര്യം, പ്രതിരോധ നടപടികള്‍, രോഗികളുടെ ചികിത്സ എന്നിവ യോഗത്തില്‍ ചര്‍ച്ചയായി. ഈ യോഗത്തിലാണ് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കാനുള്ള തീരുമാനമെടുത്തത്.
ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഈ മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന വര്‍ധിപ്പിക്കും. പ്രത്യേക ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചാണ് പരിശോധന. കൊവിഡ് സ്ഥിരീകരിക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലും, ആശുപത്രികളിലേക്കും മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.