ഹൈദരാബാദ്:തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനെതിരെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്‍റെ ഹർജി. തെലങ്കാന ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഗവർണറുടെ സെക്രട്ടറിയോടും കേന്ദ്ര നിയമവകുപ്പ് സെക്രട്ടറിയോടും ഉത്തരം തേടിയ ഹർജിയിൽ 10 ബില്ലുകളിൽ ഒന്നുപോലും ഗവർണർ അംഗീകരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കെട്ടിക്കിടക്കുന്ന ബില്ലുകളിൽ ഏഴെണ്ണം സെപ്‌തംബർ മുതലും മൂന്നെണ്ണം കഴിഞ്ഞ മാസം സമർപ്പിക്കപ്പെട്ടവയാണ്.
ഇരുസഭകളിലും പാസാക്കിയ ബില്ലുകൾ കെട്ടിക്കിടക്കുന്നത് ന്യായമല്ലെന്ന് ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഗവർണറോട് വിശദീകരണം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
തെലങ്കാന സർവകലാശാല ജോയിന്‍റ് അപ്പോയിൻമെന്‍റ് ബോർഡ് ബിൽ, മുലുഗുവിലെ ഫോറസ്ട്രി കോളജ് ആൻഡ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിനെ ഫോറസ്ട്രി യൂണിവേഴ്‌സിറ്റി ആക്കി മാറ്റുന്നതിനുള്ള ബിൽ, അസമാബാദ് ഇൻഡസ്ട്രിയൽ ഏരിയ ആക്‌ട് ഭേദഗതി ബിൽ, മുനിസിപ്പൽ റെഗുലേഷൻസ് ആക്റ്റ് ഭേദഗതി ബിൽ, തൊഴിൽ നിയമം ഭേദഗതി, സ്വകാര്യ സർവകലാശാല നിയമ ഭേദഗതി ബിൽ, മോട്ടോർ വാഹന നികുതി നിയമ ഭേദഗതി ബിൽ, മുനിസിപ്പൽ നിയമ ഭേദഗതി ബിൽ, പഞ്ചായത്തിരാജ് നിയമ ഭേദഗതി ബിൽ, കാർഷിക സർവകലാശാല നിയമ ഭേദഗതി ബിൽ എന്നിവയാണ് തീർപ്പുകൽപ്പിക്കാത്ത 10 ബില്ലുകൾ.
കഴിഞ്ഞ വർഷം സെപ്‌തംബറിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ സംസ്ഥാനത്തെ സർവകലാശാലകളിലെ നിയമനങ്ങൾക്കായി സംയുക്ത ബോർഡ് രൂപീകരിക്കുക, മുളുഗിലെ ഫോറസ്റ്റ് കോളജ് ആൻഡ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് ആക്കി മാറ്റുക, സ്വകാര്യ സർവകലാശാല നിയമത്തിൽ ഭേദഗതി വരുത്തുക തുടങ്ങി എട്ട് ബില്ലുകളാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചത്. സംസ്ഥാനത്തെ ചില സ്വകാര്യ സർവകലാശാലകൾ, ജിഎച്ച്എംസി ആക്‌ട്, മുനിസിപ്പൽ ആക്‌ട്, അസമാബാദ് ഇൻഡസ്ട്രിയൽ ഏരിയ ആക്‌ട് ഭേദഗതി, തൊഴിൽ നിയമം ഭേദഗതി, ജിഎസ്‌ടി നിയമ ഭേദഗതി ബില്ലുകൾ സെപ്‌തംബർ 13ന് ഇരുസഭകളും അംഗീകരിച്ച് ഗവർണറുടെ അനുമതിക്കായി രാജ്ഭവനിൽ എത്തിയിട്ടുള്ളതാണ്.
ഇതിൽ ജിഎസ്‌ടി നിയമ ഭേദഗതി ബില്ലിന് ഗവർണർ അംഗീകാരം നൽകുകയും ബാക്കി ഏഴ് ബില്ലുകൾ കഴിഞ്ഞ ആറ് മാസമായി രാജ്ഭവനിൽ കെട്ടിക്കിടക്കുകയും ചെയ്‌തുവരികയാണ്. തുടർന്ന്, കഴിഞ്ഞ മാസം നടന്ന നിയമസഭയിൽ മൂന്ന് പുതിയ ബില്ലുകൾ കൂടി ഇരുസഭകളും അംഗീകരിച്ചു. അവയും രാജ്ഭവനിൽ ഗവർണറുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഇതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ അടുത്തിടെ സുപ്രീം കോടതിയെ സമീപിച്ചത്.