ബെംഗളൂരു : യു-ടേൺ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പ്രകാശ് നഗർ സ്വദേശി കൃഷ്‌ണപ്പ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ കർണാടകയിലെ രാജാജി നഗർ ട്രാഫിക് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
കൃഷ്‌ണപ്പ, ഞായറാഴ്‌ച രാവിലെ രാജ്‌കുമാർ റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. ഈ സമയം നവ്‌രംഗ് സിഗ്നലിന് സമീപത്ത് കാർ ഡ്രൈവർ യു ടേൺ എടുക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട കാർ കൃഷ്‌ണപ്പയുടെ ദേഹത്തേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തിൽ കൃഷ്‌ണപ്പ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
നാട്ടുകാർ അപകടവിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിന് പിന്നാലെ ഡ്രൈവർ കാർ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടിരുന്നു.
എന്നാല്‍ അപകട ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടര്‍ന്ന് ഈ വിഡീയോ കേന്ദ്രീകരിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു. പഴുതടച്ച അന്വേഷണത്തിലൂടെ സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കൃഷ്‌ണപ്പ നഗരത്തിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ ജോലി ചെയ്‌തുവരികയായിരുന്നു. അപകട വിവരം ഇയാളുടെ കുടുംബാംഗങ്ങളെ അറിയിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ബന്ധുക്കളെ കണ്ടെത്താനും ബന്ധപ്പെടാനും ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ രാജാജി നഗർ ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
ലോറിയിലേക്ക് ക്രൂയിസർ ഇടിച്ചുകയറി അപകടം : കഴിഞ്ഞ ദിവസം കർണാടകയിലെ യാദഗിരി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ കുട്ടികൾ ഉൾപ്പടെ അഞ്ച് പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ക്രൂയിസർ ഇടിച്ച് കയറുകയായിരുന്നു.
ആന്ധ്രാപ്രദേശ് സ്വദേശികളായ മുനീർ (40), നയമത്ത് (40), റമീസ ബീഗം (50), മുദ്ദത്ത് ഷീർ (12), സുമ്മി (13) എന്നിവരാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയിലെ വെലഗോഡു ഗ്രാമത്തിലെ താമസക്കാരായ ഇവർ കലബുറഗിയിലെ ദർഗ ഉറൂസ് മേളയിൽ പങ്കെടുക്കാൻ പോയതായിരുന്നുവെന്നാണ് വിവരം.
ALSO READ :കർണാടകയിൽ വാഹനാപകടം; ആന്ധ്രാപ്രദേശ് സ്വദേശികളായ അഞ്ച് പേർ മരിച്ചു, 13 പേർക്ക് പരിക്ക്
ഇവർ സഞ്ചരിച്ച വാഹനത്തിൽ കുട്ടികൾ ഉൾപ്പടെ 18 പേർ യാത്ര ചെയ്‌തിരുന്നുവെന്നാണ് സൂചന. അഞ്ച് പേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ 13 പേരെയും യാദഗിരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സൈദാപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.