പട്‌ന :ബിഹാര്‍ സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം നടത്തിവരുന്ന ജാതി സെന്‍സസിനെതിരെ ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ച് പട്‌ന ഹൈക്കോടതി. ചീഫ് ജസ്‌റ്റിസ് കെ.വി ചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് സംസ്ഥാനത്തെ ജാതി സെന്‍സസിന് ജൂലൈ മൂന്ന് വരെ ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചത്. ജാതിപരമായ വിവരങ്ങള്‍ തേടിയുള്ള കണക്കെടുപ്പ് ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്. അതേസമയം സംസ്ഥാനത്ത് നടന്നുവരുന്ന ജാതി സെന്‍സസും സാമ്പത്തിക സര്‍വേയും ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കോടതി വിധി പറയുന്നതിനായി മാറ്റി.
വാദങ്ങളും എതിര്‍വാദങ്ങളും :നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ബിഹാര്‍ സര്‍ക്കാര്‍ ആരംഭിച്ച ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് സംസ്ഥാന സര്‍ക്കാരിന്‍റെ അധികാര പരിധിയില്‍ വരില്ലെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. നിയമപരമായി ഇത്തരത്തിലൊരു സര്‍വേ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ കഴിയുകയുള്ളൂ എന്നും ഹര്‍ജിക്കാരന്‍റെ അഭിഭാഷകന്‍ ദിനു കുമാര്‍ കോടതിയെ അറിയിച്ചു. ജാതി സെന്‍സസിനായി സംസ്ഥാന സര്‍ക്കാര്‍ 500 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും ഇദ്ദേഹം അറിയിച്ചു.
എന്നാല്‍ അര്‍ഹര്‍ക്ക് ക്ഷേമ പദ്ധതികൾ അനുവദിക്കുന്നതിനും അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സർവേ ആവശ്യമാണെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ പി.കെ ഷാഹി അറിയിച്ചു. മാത്രമല്ല ജാതി അടിസ്ഥാനമാക്കിയുള്ള സർവേ സ്വമേധയാ നടത്തുന്നതാണെന്നും സെൻസസ് പോലെ നിർബന്ധമല്ലെന്നും അദ്ദേഹം കോടതിയെ ധരിപ്പിച്ചു.
ഇത് യഥാര്‍ഥ സെന്‍സസ് തന്നെ :എന്നാല്‍ ഈ സര്‍ക്കാര്‍ വാദത്തെ ഹര്‍ജിക്കാരന്‍ കോടതിയില്‍ എതിര്‍ത്തു. ജാതി അടിസ്ഥാനമാക്കിയുള്ള സർവേയുടെ ഭാഗമായുള്ള 17 സാമൂഹിക സാമ്പത്തിക സൂചകങ്ങളും ജാതി സ്‌റ്റാറ്റസുകളും കേന്ദ്രത്തിന് മാത്രം അധികാരമുള്ള സെന്‍സസ് പോലെ മികച്ചതാണെന്നും ഹര്‍ജിക്കാരന്‍റെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ ദിനു കുമാര്‍, റിതു രാജ് എന്നിവരും സര്‍ക്കാരിനായി അഭിനവ് ശ്രീവാസ്‌തവ, പി.കെ ഷാഹി എന്നിവരുമാണ് കോടതിയില്‍ എത്തിയത്.
അതേസമയം ബിഹാറിലെ 127 ദശലക്ഷം കുടുംബങ്ങളില്‍, 29 ദശലക്ഷം കുടുംബങ്ങളില്‍ നിന്ന് നേരിട്ടും ഡിജിറ്റല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും ഈ വര്‍ഷം ജനുവരി ഏഴ് മുതലാണ് സംസ്ഥാന സര്‍ക്കാര്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങിയത്.
ആവശ്യവുമായി പ്രധാനമന്ത്രിയുടെ അടുത്തേക്ക് :രാജ്യത്ത് ജാതി ജനസംഖ്യാ കണക്കെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ സർവകക്ഷി സംഘം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ സെന്‍സസ് നടത്തുന്നതിലൂടെ സർക്കാർ ആവിഷ്‌കരിക്കുന്ന പദ്ധതികളുടെ പ്രയോജനങ്ങൾ പട്ടികജാതി, ഗോത്ര വിഭാഗങ്ങള്‍ ഉൾപ്പടെ സമൂഹത്തിലെ ദുർബല വിഭാഗങ്ങളിലേക്ക് എത്തിച്ചേരുമെന്നും നിതീഷ് പ്രതികരിച്ചിരുന്നു. ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, മുൻ മുഖ്യമന്ത്രി ജിതിൻ റാം മാഞ്ചി ഉള്‍പ്പടെ 10 അംഗങ്ങളാണ് സർവകക്ഷി സംഘത്തിലുണ്ടായിരുന്നത്.
സെന്‍സസ് പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹികമായ വളര്‍ച്ചയ്‌ക്ക് മുതല്‍ക്കൂട്ടാവുമെന്നും ഇക്കാരണം കൊണ്ടുതന്നെ ഇത് നടത്താൻ കാലതാമസം ഉണ്ടാകരുതെന്നും തുടര്‍ന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ദുർബല ജാതി വിഭാഗങ്ങളുടെ യഥാർഥ എണ്ണം അടിസ്ഥാനമാക്കി വികസന പദ്ധതികൾ തയ്യാറാക്കാൻ ഇത് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.