ഹൈദരാബാദ്: വിവാദങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും കാറ്റില്‍ പറത്തി ഷാരൂഖ് ഖാന്റെ പത്താന്. സിനിമ റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് വാരിക്കൂട്ടിയത് 235 കോടിയിലേറെ ഗ്രോസ് കളക്ഷന്‍. ബോളിവുഡ് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ കലക്ഷന്‍ തുക നേടാന്‍ കിങ് ഖാന്റെ പത്താന് കഴിഞ്ഞു.
ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ആറ് മണിക്കായിരുന്ന പത്താന്റെ ആദ്യ ഷോ. റിലീസിന് മുമ്പ് തന്നെ പത്താന് 4.19 ലക്ഷം അഡ്വാന്‍സ് ബുക്കിങ് സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ പ്രീ- റിലീസ് ബിസിനസും കോടികളായിരുന്നു. സിനിമയുടെ ടീസര്‍ പുറത്ത് വിട്ടപ്പോള്‍ തന്നെ മികച്ച പ്രതികരണമായിരുന്നു ആരാധകരില്‍ നിന്ന് ലഭിച്ചിരുന്നത്.
സസ്പെന്‍സും ആക്ഷനും നിറഞ്ഞ് നില്ക്കുന്ന സിനിമയുടെ അത്തരം രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ടീസറായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നത്. 2018ല്‍ പുറത്തിറങ്ങി ആദ്യ ദിനം 52 കോടി നേടി ആമിര്‍ ഖാന്റെ 'തഗ്സ് ഓഫ് ഹിന്ദുസ്ഥാനായിരുന്നു' ബോളിവുഡിലെ ഏറ്റവും കൂടുതല്‍ റെക്കോഡ് കലക്ഷൻ നേടിയ ചിത്രം. ഈ റെക്കോഡ് മറികടന്നാണ് പത്താന് ഏറ്റവും മികച്ച ഓപ്പണറായത്.
ഷാരൂഖ് ഖാന്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തിയ സിനിമ 8000 സ്ക്രീനുകളിലായിരുന്നു പ്രദര്‍ശനം. നീണ്ട 4 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിങ് ഖാൻ വെള്ളിത്തിരയിൽ തിരിച്ചെത്തിയ ചിത്രമാണ് പത്താൻ. 2018-ൽ ആനന്ദ് എൽ.റായ് സംവിധാനം ചെയ്ത 'സീറോ' ആയിരുന്നു ഷാരൂഖ് ഖാന്റെ അവസാന ചിത്രം. കിങ് ഖാനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ ദീപിക പദുക്കോണിനും ജോണ്‍ എബ്രാഹാമിനും മികച്ച കയ്യടിയാണ് ലഭിക്കുന്നത്.