ന്യൂഡൽഹി : പറന്നുയരുന്നതിനിടെ വിമാനത്തിന്‍റെ എമർജൻസി എക്‌സിറ്റ് വാതിലിന്‍റെ കവർ തുറന്ന സംഭവത്തിൽ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. ജൂലൈ എട്ടിന് ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരൻ വാതിൽ തുറക്കാൻ ശ്രമിച്ച് പരിഭ്രാന്തി സൃഷ്‌ടിച്ചത്. സംഭവത്തിൽ 40കാരനായ ഫുറോഖോൺ ഹുസൈൻ എന്നയാളെ സുരക്ഷ അധികൃതർക്ക് കൈമാറി.
ഇൻഡിഗോയുടെ 6E 5605 വിമാനത്തിന്‍റെ എമർജൻസി എക്‌സിറ്റ് വാതിലിന്‍റെ കവർ തുറന്നതായാണ് ഡൽഹി വിമാനത്താവളം അധികൃതർ അറിയിച്ചത്. എമർജൻസി എക്‌സിറ്റ് വാതിലിനോട് ചേർന്നുള്ള 18 എ സീറ്റിലായിരുന്നു യാത്രക്കാരന്‍. സംഭവത്തിന് ശേഷം, എമർജൻസി എക്‌സിറ്റിന്‍റെ കവർ ഉടൻ പുനസ്ഥാപിക്കുകയും യാത്രക്കാരനെ മറ്റൊരു സീറ്റിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് അഭിപ്രായം തേടി ഇൻഡിഗോയിലേക്ക് അയച്ച കത്തിന് മറുപടി ലഭിച്ചിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വിമാനം ഡൽഹി എയർപോർട്ടിൽ ഇറങ്ങിയ ശേഷമാണ് ഫുറോഖോൺ ഹുസൈനെ സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. യാത്രക്കാരന്‍റെ അനിയന്ത്രിതമായ പെരുമാറ്റം മറ്റ് യാത്രക്കാരിലും ജീവനക്കാരിലും പൈലറ്റ്-ഇൻ-കമാൻഡിലും പരിഭ്രാന്തി സൃഷ്‌ടിച്ചതായും അധികൃതർ വ്യക്‌തമാക്കി.
'എമർജൻസി എക്‌സിറ്റ് ഡോറിന്‍റെ ഹാൻഡിൽ കാബിൻ മർദം അല്ലെങ്കിൽ മറ്റേതെങ്കിലും ആകസ്‌മിക കാരണങ്ങളാൽ തുറക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്ന ഒരു കവർ ഉണ്ട്. ഈ കവർ നീക്കം ചെയ്‌താൽ ഹാൻഡിൽ ചെറിയ രീതിയിൽ തുറന്നിരിക്കുമെന്നതിനാൽ പറക്കുന്നതിനിടെയുള്ള ശക്തമായ മർദം കാരണം വായുവിൽ വച്ച് തുറക്കാൻ സാധ്യതയുണ്ട്. ഇത് വിമാനത്തിന്‍റെ സഞ്ചാരത്തിന് അപകടകരമാണ്', ഇന്ത്യൻ എയർലൈൻസിലെ മുൻ ഫ്ലൈറ്റ് സേഫ്റ്റി ഡയറക്‌ടർ എസ് എസ് പനേസർ പറഞ്ഞു.