ദേവനഹള്ളി:വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ബാംഗ്ലൂരിൽ മലയാളി യുവാവ് അറസ്‌റ്റിൽ. മെയ് 22 ന് രാവിലെ കൊച്ചിയിൽ നിന്ന് ബാംഗ്ലൂർ വഴി ഭോപ്പാലിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ എയർലൈൻസിലെ വനിത ജീവനക്കാരിക്ക് നേരെയാണ് അധിക്ഷേപമുണ്ടായത്. മലയാളിയായ 40 സിജിനെതിരെയാണ് (40) പരാതി നൽകിയിരിക്കുന്നത്.
സംഭവം നടന്നതിങ്ങനെ:സിജിൻ ഗോവയിലേക്കുള്ള യാത്രയിലായിരുന്നു. 38-ാം നമ്പർ സീറ്റിൽ ഇരുന്ന ഇയാൾ ഫ്ലൈറ്റ് മാറുന്നതിനെക്കുറിച്ച് ഇൻഡിഗോ സ്‌റ്റാഫിനോട് വിവരം തിരക്കിയിരുന്നു. ചോദ്യത്തിന് മറുപടിയായി കെംപഗൗഡ ഇന്‍റർനാഷണൽ എയർപോർട്ടിൽ ഇറങ്ങാനും മറ്റൊരു വിമാനത്തിൽ ഗോവയിലേക്ക് പോകാനും ജീവനക്കാരി പറഞ്ഞു.
ഈയവസരത്തിലാണ് സീറ്റിന് സമീപം നിന്നിരുന്ന യുവതിയുടെ ശരീരത്തിൽ ഇയാൾ സ്‌പർശിക്കുന്നത്. യുവതി ഇത് ചോദ്യം ചെയ്‌തെങ്കിലും ഇയാൾ മറുപടി നൽകിയില്ല. ഇതേ തുടർന്ന് യാത്രക്കാരൻ തന്നെ സ്‌പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തുവെന്നാരോപിച്ച് ഇരയായ യുവതി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ ആക്‌ട് 354(എ) പ്രകാരം കേസെടുത്തു.
കഴിഞ്ഞ മാസമാദ്യം സമാനമായ സംഭവത്തിൽ സ്വീഡിഷ് പൗരനെ മുംബൈ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇൻഡിഗോ ബാങ്കോക്ക്-മുംബൈ വിമാനത്തിൽ യാത്ര ചെയ്‌തിരുന്ന ക്ലാസ് എറിക് ഹരാൾഡ് ജോനാസ്ം (63) മദ്യപിച്ചെത്തുകയും ക്യാബിൻ ക്രൂ അംഗങ്ങളോടും സഹയാത്രികരോടും അപമര്യാദയായി പെരുമാറുകയും ചെയ്‌തിരുന്നു. ഇൻഡിഗോ എയർലൈൻസിന്‍റെ പരാതിയെത്തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാന യാത്രക്കാർ ക്രൂവിനോട് മോശമായി പെരുമാറിയ ഒമ്പതാമത്തെ കേസാണ് കെംപെഗൗഡ സംഭവമെന്ന് അധികൃതർ അറിയിച്ചു.