ന്യൂഡല്‍ഹി :മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ഇന്നും പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചത്. മണിപ്പൂരിലേത് വളരെ ഗൗരവകരമായ വിഷയമാണെന്നും സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
മണിപ്പൂര്‍ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ലോക്‌സഭയില്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യം ഭരണപക്ഷം തള്ളി. രാജസ്ഥാനില്‍ സ്‌ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമ സംഭവ വികാസങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള നീക്കങ്ങളാണ് ഭരണപക്ഷം നടത്തിയത്.
ഇതിന്‍റെ ഭാഗമായി രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപിമാര്‍ പാര്‍ലമെന്‍റില്‍ ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ പ്രതിഷേധം നടത്തി. അതേസമയം, വിഷയത്തില്‍ ഇരുസഭകളിലും പ്രധാനമന്ത്രിയുടെ പ്രതികരണം ആവശ്യപ്പെട്ട് പ്രതിപക്ഷ മുന്നണി ഇന്ത്യ (INDIA) പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. എന്നാല്‍, തങ്ങള്‍ ചര്‍ച്ചയ്‌ക്ക് തയ്യാറായിട്ടും പ്രതിപക്ഷം അതില്‍ നിന്നും ഒളിച്ചോടുകയാണെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി ആരോപിച്ചു.
മണിപ്പൂര്‍ കലാപം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്‌ച സംഭവിച്ചുവെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളിലും പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തിയിരുന്നു.
രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം, ആംആദ്‌മി അംഗത്തിന് സസ്‌പെന്‍ഷന്‍:ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖറും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് രാജ്യസഭ നടപടികളും തടസപ്പെട്ടു. ഒരു മണിക്കൂറോളം നേരമാണ് ഇന്ന് (24 ജൂലൈ) സഭ നടപടികള്‍ തടസപ്പെട്ടത്. ഉപരിസഭ ചട്ടങ്ങളിലെ 267-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച നോട്ടിസുകളെച്ചൊല്ലിയാണ് ചെയർമാൻ ജഗ്‌ദീപ് ധൻഖറും ടിഎംസി എംപിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.
അതേസമയം, ആംആദ്‌മി രാജ്യസഭ അംഗം സഞ്ജയ് സിങ്ങിനെ സഭ നടപടികള്‍ തടസപ്പെടുത്തിയതിന് സസ്‌പെന്‍ഡ് ചെയ്തു. നടപ്പുസമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍ എന്ന് രാജ്യസഭ ചെയര്‍മാന്‍ ജഗ്‌ദീപ് ധൻഖര്‍ അറിയിച്ചു.
സത്യത്തിന് വേണ്ടി ശബ്‌ദം ഉയര്‍ത്തിയ സഞ്‌ജയ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്യുന്നത് കൊണ്ട് തങ്ങള്‍ നിശബ്‌ദരാകില്ല. നിയമപരമായി ഇക്കാര്യം പരിശോധിക്കുമെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രിയും സഭ നേതാവുമായ പിയൂഷ് ഗോയലാണ് സഞ്ജയ് സിങ്ങിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്.