ചെന്നൈ:തമിഴ്‌നാട്ടിലെ രാമേശ്വരം ഉൾപ്പെടുന്ന പാമ്പൻ ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന പാലം. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പൻ പാലം ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന എൻജിനീയറിങ് വിസ്‌മയങ്ങളില്‍ ഒന്നാണ്.
ഇന്ത്യൻ ഭൂപ്രദേശത്തിനും പാമ്പൻ ദ്വീപിനും ഇടയില്‍ പാക് കടലിടുക്കിന് കുറുകെ 2345 മീറ്റർ ദൂരത്തിലാണ് രാജ്യത്തെ ഏറ്റവും നീളമുള്ള കടല്‍പ്പാലമായ പാമ്പൻ പാലം നിർമിച്ചത്. ട്രെയിനുകൾക്ക് പോകാനുള്ള പാലവും മറ്റ് വാഹനങ്ങൾക്കായുള്ള പാലവും ഉണ്ടെങ്കിലും റെയില്‍പാലത്തെയാണ് പാമ്പൻപാലമെന്ന് വിളിക്കുന്നത്.
ചരിത്രം പറയുന്ന പാലം
അമേരിക്കൻ എഞ്ചിനീയർ വില്യം ഡൊണാൾഡ് ഷെർസറാണ് ഈ പാലം വികസിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്. 1914ല്‍ നിർമാണം പൂർത്തിയായി. കപ്പലുകൾക്ക് കടന്ന് പോകാൻ സൗകര്യമൊരുക്കി പകുത്ത് മാറാൻ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിർമാണം. ഇരുവശങ്ങളിലേക്കും ഉയർത്തി മാറ്റാവുന്ന പാലത്തിന്‍റെ ഭാഗങ്ങൾ ലണ്ടനില്‍ നിർമിച്ച് ഇവിടെ കൊണ്ടുവന്ന് ചേർക്കുകയായിരുന്നു. ഇന്ത്യയിലെ ആദ്യ കാൻഡിലിവർ പാലത്തിന്‍റെ മധ്യഭാഗം മടക്കുകയും നിവർത്തുകയും ചെയ്യാം.
രാമേശ്വരത്തോട് ചേർന്ന് സമുദ്രത്തിലേക്ക് നീണ്ടു കിടക്കുന്ന ധനുഷ്‌കോടിയില്‍ നിന്ന് ശ്രീലങ്കയിലേക്കുള്ള ദൂരം 16 കിലോമീറ്റർ മാത്രം ആയതിനാല്‍ പാമ്പൻ പാലത്തിന്‍റെ പ്രസക്‌തി വളരെ വലുതായിരുന്നു. ധനുഷ്‌കോടിയുടെ സമീപത്തെ തലൈമന്നാറില്‍ നിന്ന് ശ്രീലങ്കയുമായി ബന്ധിപ്പിക്കുന്ന ഇന്തോ- സിലോൺ എക്സ്പ്രസ് എന്നറിയപ്പെടുന്ന 'ബോട്ട് മെയിൽ' 1964 വരെ പ്രവർത്തിച്ചിരുന്നു.