ചെന്നൈ : എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത് ഒ പനീർശെൽവവും (ഒപിഎസ്) അദ്ദേഹത്തിന്‍റെ അനുയായികളും സമർപ്പിച്ച ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. ഇതോടെ എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറി സ്ഥാനം എടപ്പാടി കെ പളനിസ്വാമി (ഇപിഎസ്) ഉറപ്പിച്ചു. പുതിയ പാർട്ടി അംഗത്വത്തിനും നിലവിലുള്ളവരുടെ പുതുക്കലിനും ഫോമുകൾ ഏപ്രിൽ 4 മുതൽ 10 രൂപ നിരക്കിൽ എഐഎഡിഎംകെ ആസ്ഥാനത്ത് വിതരണം ചെയ്യുമെന്ന് എടപ്പാടി കെ പളനിസ്വാമി അറിയിച്ചു.
2022 ജൂലായ് 11ലെ പാർട്ടി ജനറൽ കൗൺസിലിന്‍റെ പ്രമേയങ്ങൾക്കും ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിന്‍റെ നടത്തിപ്പിനും എതിരെ സ്ഥാന ഭ്രഷ്‌ടനാക്കിയ ഒപിഎസും അദ്ദേഹത്തിന്‍റെ സഹായികളായ പി എച്ച് മനോജ് പാണ്ഡ്യനും ആർ വൈതിലിംഗവും ഉൾപ്പടെയുള്ള എംഎൽഎമാർ സമർപ്പിച്ച എല്ലാ ഹർജികളും മദ്രാസ് ഹൈക്കോടതി തള്ളി. ഹൈക്കോടതി നടപടിക്ക് തൊട്ടുപിന്നാലെ ഇടക്കാല ജനറൽ സെക്രട്ടറിയായ എടപ്പാടി പളനിസ്വാമിയെ പാർട്ടി ആസ്ഥാനത്ത് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് അധികാരികൾ ഉന്നത സ്ഥാനത്തേക്ക് ഏകകണ്‌ഠമായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.
എഐഎഡിഎംകെ അമരത്തേക്ക് പളനിസ്വാമി : പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചാണ് പനീർശെൽവത്തെയും അദ്ദേഹത്തിന്‍റെ അനുയായികളെയും എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയത്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും പാർട്ടിയുടെ ട്രഷററുമായിരുന്നു ഒ പനീർശെൽവം. 2022 ജൂലൈ 11ന് ചെന്നൈ വാനഗരത്തെ എഐഎഡിഎംകെയുടെ ആസ്ഥാനത്ത് നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് പാർട്ടിയിൽ നിന്ന് ഒപിഎസിനെ പുറത്താക്കിയത്. തുടർന്ന് യോഗം ഇടക്കാല ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുക്കുകയായിരുന്നു.