ഗ്രേറ്റര്‍ നോയിഡ ( ന്യൂഡല്‍ഹി):കാമുകനെത്തേടി ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ സ്വദേശിനി സീമാ ഗുലാം ഹൈദര്‍ ഹര്‍ ഘര്‍ തിരംഗ പരിപാടിയുടെ ഭാഗമായത് കൗതുകമായി. വീട്ടില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതിനു പിറകേ സീമാ ഹൈദര്‍ പാകിസ്ഥാന്‍ മൂര്‍ദാബാദ്, ഹിന്ദുസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങളുമുയര്‍ത്തി.
തന്‍റെ കാമുകന്‍ സച്ചിനെ തേടി പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് നിയമവിരുദ്ധമായി അതിര്‍ത്തി കടന്നെത്തിയ സീമ ഹൈദര്‍ കഴിഞ്ഞ കുറേ നാളായി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഞായറാഴ്‌ചയാണ്(13.08.2023) കുടുംബത്തോടൊപ്പം സീമ ഹൈദര്‍ വീട്ടില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി ഹര്‍ഘര്‍ തിരംഗയുടെ ഭാഗമായത്. ഭാരത് മാതാ കീ ജയ്, വന്ദേമാതരം മുദ്രാവാക്യങ്ങളും ഇവര്‍ മുഴക്കുന്നതായി വീഡിയോയില്‍ കാണാനുണ്ട്.
വൈറലായി വീഡിയോ: ദേശീയ പതാക ഉയര്‍ത്തുന്ന ഇവരുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പബ് ജി ഗെയ്‌മിലൂടെ പരിചയപ്പെട്ട സീമയും സച്ചിനും 2023 മാര്‍ച്ച് 10ന് നേപ്പാള്‍ തലസ്ഥാനമായ കാഠ്‌മണ്ഡുവിലെ ഒരു ഹോട്ടലില്‍ വച്ചാണ് ആദ്യമായി കാണുന്നത്. സീമാ ഗുലാം ഹൈദര്‍ എന്ന കറാച്ചി സ്വദേശിനിയും നോയിഡ സ്വദേശിയായ സച്ചിനുമായുള്ള പ്രണയം തീവ്രമായതോടെ ഇരുവരും ഹിന്ദു ആചാര പ്രകാരം വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് ഈ വര്‍ഷം മെയ് 13നാണ് സീമാ ഹൈദര്‍ നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. നിയമവിരുദ്ധമായി അതിര്‍ത്തി കടന്ന് എത്തിയതിന് ജൂലൈ നാലിനാണ് യുപി പൊലീസ് സീമയേയും മക്കളേയും കാമുകന്‍ സച്ചിന്‍ മീണയേയും ഫരീദാബാദില്‍ വച്ച് അറസ്‌റ്റ് ചെയ്‌തത്. കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ജയില്‍ മോചിതരായ ഇവര്‍ പാകിസ്ഥാന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയോ എന്ന കാര്യത്തില്‍ യുപി പൊലീസും കേന്ദ്ര ഏജന്‍സികളും അന്വേഷണം ഇപ്പോഴും തുടരുകയാണ്.
സച്ചിന്‍ മീണയുടെ അഭിഭാഷകന്‍ എ പി സിങ്ങിനൊപ്പമാണ് സീമാ ഹൈദര്‍ ഹര്‍ഘര്‍ തിരംഗ പരിപാടിയുടെ ഭാഗമായത്. പൂര്‍ണമായും ഭാരതീയ രീതിയില്‍ ത്രിവര്‍ണ നിറത്തിലുള്ള സാരിയും ജയ് മാതാ ദി എന്നെഴുതിയ ചുനരിയും ധരിച്ചാണ് സീമാ ഹൈദര്‍ ദേശീയ പതാക ഉയര്‍ത്തിയത്. കറാച്ചി റ്റു നോയിഡ എന്ന പേരില്‍ നിര്‍മിക്കുന്ന ചലച്ചിത്രത്തില്‍ സീമാ ഹൈദര്‍ അഭിനയിച്ചേക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും അക്കാര്യം അവര്‍ നിഷേധിച്ചു. നിര്‍മാതാവും സംവിധായകനുമായ അമിത് ജാനിയാണ് സീമയുടെ ഐതിഹാസികമായ പ്രണയ പര്യടനം പ്രമേയമാക്കി സിനിമ നിര്‍മിക്കുന്നത്.
സീമ ഹൈദര്‍ ഐഎസ്‌ഐ ഏജന്‍റോ?:അതേസമയം, അടുത്തിടെ ഉത്തര്‍ പ്രദേശിലെ ഗോണ്ടയില്‍ നിന്നും അറസ്‌റ്റിലായ പാകിസ്ഥാനി ഇന്‍റലിജന്‍സ് ഏജന്‍സിയിലെ അഞ്ച് പേരുടെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ പുറത്തു വന്നിരുന്നു. പാകിസ്ഥാനില്‍ നിന്ന് സ്‌ത്രീകള്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച ചില ഏജന്‍റുമാര്‍ അതിര്‍ത്തി കടന്ന് എത്തിയെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇതോടെ, സീമ ഹൈദരിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
വനിത ഏജന്‍റുമാരുടെ വിഷയം ശ്രദ്ധയില്‍പ്പെട്ടോടെ ഉത്തര്‍ പ്രദേശ് പൊലീസിന്‍റെ ഭീകരവാദ വിരുദ്ധ സേന കൂടുതല്‍ ജാഗ്രത പുലര്‍ത്തി. ഒരു മാസത്തിലേറയായി അന്വേഷണം നടത്തിയിട്ടും അഞ്ച് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലും സീമ ഹൈദരിന് ഏജന്‍സി ക്ലീന്‍ ചീറ്റ് നല്‍കാത്തത് ഇക്കാരണത്താലാണ്. ഒരു വനിത ഐഎസ്‌ഐ ഏജന്‍റിനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ടെന്നും ഇതിന് ശേഷമേ സീമ ഹൈദരിന്‍റെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളുവെന്നും ഭീകരവാദ വിരുദ്ധ സേന അറിയിച്ചിരുന്നു.